ഒരു താന്തോന്നി ബ്ലോഗ്!

Wednesday, November 11, 2009

ഹോസ്റ്റല്‍ പുരാണം.1

ദിസ്കൈമള്‍: ഈ പോസ്റ്റിന്റെ ചിലഭാഗത്ത് നമുക്കെല്ലാവര്‍ക്കും സുപരിചിതമായ ‘മലം’ എന്ന വാക്കിന്റെ പര്യായം (അതേ, തന്നെ! അതു തന്നെ, ഭൂലോകകവികളൊക്കെ ഇടക്കാലത്ത് സ്ഥിരം ഉപയോഗിക്കുന്ന ആ പര്യായം) കണ്ടേക്കാം. അതു കാണാന്‍ താല്പര്യമില്ലാത്തവര്‍ ദയവായി വിട തരിക! :(

ഡിഗ്രിപഠനക്കാലത്താണ് ആദ്യമായി ഹോസ്റ്റലില്‍ നിന്ന് പഠിക്കാനുള്ള അവസരം കിട്ടുന്നത്. ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു അത് എന്ന് സംശയമില്ലാതെ പറയാം. ഒരു സംഘം നല്ലകൂട്ടുകാര്‍. പഠിക്കുന്നതോ, പഠിക്കാതെ തന്നെ ജയിക്കാവുന്ന വിഷയവും! പോരാത്തതിന് വീട്ടുകാരെ പറ്റിച്ച് കാശുതരപ്പെടുത്തി, ചീട്ടുകളി, മദ്യപാനം, പുകവലി, സിനിമ, “പക്ഷിനിരീക്ഷണം” എക്സിറ്റ്രാ. അതു കൂടാതെ ഫുട്ബോള്‍, ക്രിക്കറ്റ്, ഹോക്കി, ബാസ്കറ്റ്ബോള്‍ എന്നീ ഗെയിംസും എല്ലാം അങ്ങനെ ആസ്വദിച്ചുള്ള ആ ജീവിതം ഇനി ഡ്യൂട്ടി ഫ്രീ ലോട്ടറി അടിച്ച് മില്ലിയണയര്‍ ആയാല്‍ പോലും (ഒവ്വ! നടക്കും!) വാങ്ങാന്‍ പറ്റില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടം!

ഹോസ്റ്റലിലെ റ്റോയ്ലറ്റ്/ബാത് റൂം വിങ്ങിന്റെ തൊട്ടടുത്ത റൂമായിരുന്നു ഞങ്ങളുടേത്. അനധികൃത താമസക്കാരുള്‍പ്പെടെ ഏഴെട്ട് പേര്‍ സ്ഥിരം ഉണ്ടുറങ്ങി ജീവിച്ചിരുന്ന റൂം. വാര്‍ഡന്റെ അംഗീകാരമുള്ള 4 പേരാണ് ശരിക്കുള്ള അന്തേവാസികള്‍. ഞങ്ങളേക്കൂടാതെ, ഹോസ്റ്റലില്‍ റൂം കിട്ടാത്തവരും, താമസിച്ചിരുന്ന സ്ഥലത്ത് വാടക കൊടുക്കാതെ പുറത്താക്കപ്പെട്ടവരും, കോളേജില്‍ നിന്നും അല്‍പ്പം അകലെ താമസിക്കുന്ന ഡേ സ്കോളേര്‍സും, വെള്ളമടി, സെക്കന്ഡ് ഷോ എന്നിവ കഴിഞ്ഞ് വീട്ടില്‍ കയറാന്‍ പറ്റാത്ത അവസ്ഥയില്‍ വരുന്നവരുമൊക്കെയായ സുഹൃത്തുക്കള്‍ക്ക് കയറിക്കിടക്കാവുന്ന ഒരു സത്രമായിരുന്നു ഞങ്ങളുടെ റൂം. അങ്ങിനെ വരുന്ന അതിഥികള്‍ക്ക് വളരെ തുച്ഛമായ നിരക്കില്‍ കീച്ച്, ഫ്ലാഷ്, ഗുണ്ട്, റമ്മി, ഗുലാന്‍പരിശ്, മദ്യപാനം എന്നിവയില്‍ പങ്ക്ചേരാന്‍ പറ്റിയിരുന്നു എന്നതായിരുന്നു ഏറ്റവും വലിയ നേട്ടം.

ഇത്രയും അന്തേവാസികളുളതിനാല്‍ ഷര്‍ട്ട്, ജീന്‍സ്, ഷൂ തുടങ്ങിയവയുടെ ഒരു വന്‍ കളക്ഷന്‍ റൂമിലുണ്ടായിരുന്നു. ഷര്‍ട്ടും ജീന്‍സും മൂന്നു തവണ ഇട്ടാല്‍ അലക്കണം എന്നായിരുന്നു അലിഖിത നിയമം. നല്ല സ്റ്റൈലന്‍ ഷര്‍ട്ടിനും ജീന്‍സിനും ഭയങ്കര ഡിമാന്‍ഡായിരുന്നു, പ്രത്യേകിച്ചും കാതല്‍മന്നന്മാരുടെ ഇടയില്‍. ഫസ്റ്റ്, സെക്കന്‍ഡ്, തേര്‍ഡ് അങ്ങനെ മൂന്നു ബുക്കിങ്ങ് വരെ ഈ കുപ്പായങ്ങള്‍ക്ക് കിട്ടിയിരുന്നു (തിങ്കളാഴ്ച ഫസ്റ്റ് ബുക്കിങ്ങ്കാരനെങ്കില്‍ ചൊവ്വാഴ്ച സെക്കന്റിന് അങ്ങനെ!) തേര്‍ഡ് ബുക്കിങ്ങും കഴിഞ്ഞ് നാലാം ദിവസവും അതു തന്നെ ഇട്ടുകൊണ്ടുപോകുന്ന് മടിയന്മാരായിരുന്നു അധികവും! (ഏറ്റവും നല്ല കുപ്പായത്തില്‍ രാത്രിയില്‍ തന്നെ ഫസ്റ്റ് ബുക്കിങ്ങ് സ്റ്റിക്കറോട്ടിച്ച് ഉറപ്പാക്കുന്ന പാര്‍ട്ടികളും കൂടെയുണ്ടായിരുന്നു!)

ബാത് റൂം വിങ്ങിനടുത്തായിരുന്നതിനാല്‍ ഞങ്ങളുടെ റൂമില്‍ സോപ്പിനും റ്റവലിനും സിഗരറ്റിനും നല്ല ചിലവായിരുന്നു. വെറുതെ വന്ന് വാചകമടിച്ചിരിക്കുന്നവനും, ഓസിനു സിഗരറ്റും വലിച്ച്, സ്റ്റിമുലേറ്റഡായി അപ്പിയാപ്പീസിലും പോയി, പുത്തന്‍സോപ്പ് ബ്ലേഡ്‍പരുവത്തിലാക്കുന്ന കുളിയും കുളിച്ച്, ഞങ്ങളുടെ റ്റവലും ഉപയോഗിച്ചതിനു ശേഷം അലക്കാതെ കൊണ്ടുവന്ന് സ്ഥാപിച്ച് കടന്നു കളയുമായിരുന്നു!

ഞങ്ങളുടെ സഹമുറിയന്‍ കട്ടപ്പനക്കാരന്‍ ജോര്‍ജജായിരുന്നു റ്റവല്‍ സപ്ലേയില്‍ വിശാലമനസ്കന്‍. അവന് പണ്ടുമുതലേ റ്റവല്‍ കഴുകുന്ന ശീലമില്ല. കഴുകാതെ ഒരു പരുവമായിരുന്ന ടവല്‍ ഈ ഓസുകാരുടെ ഉപയോഗവും കൂടെ കഴിഞ്ഞപ്പോള്‍ “പണ്ടേ ദുര്‍ബ്ബല, ഇപ്പോള്‍ ഗര്‍ഭിണീം” എന്നു പറഞ്ഞതു പോലായി! കഴുകാതെ ഉപയോഗിച്ച് സ്റ്റിഫായിപ്പോയ ആ റ്റവല്‍ ഭിത്തിയില്‍ ചാരി വരെ വയ്ക്കാമായിരുന്നു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ആവില്ല! വല്ല വയസ്സന്മാരും കണ്ടാല്‍ വാക്കിങ് സ്റ്റിക്കിനായി കൊണ്ടുപോയേനെ!

‘പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങുകയില്ല’എന്ന മട്ടായിരുന്നു ജോര്‍ജ്ജ്. കുളമെത്ര കുണ്ടികണ്ടിരിക്കുന്നു എന്ന മട്ടിലുള്ള ആ സ്ഥിരം നിസ്സാരച്ചിരി ചിരിച്ച്, ലോതറും ഹോജോയും ഒത്തുചേര്‍ന്നപോലുള്ള രൂപമുള്ള, ജോര്‍ജ്ജ് ഒരിക്കല്‍ പറഞ്ഞു;
“ ഇതൊന്നും ഒന്നുമല്ലടാ. എന്റെ വല്യപ്പച്ചന്‍ തേക്കുന്തല തൊമ്മച്ചനുപയോഗിക്കുന്ന തോര്‍ത്ത് നീയൊന്നും കണ്ടിട്ടില്ല! അതോണ്ടാ.”

സ്ഥിരം വെറ്റില മുറുക്കുന്ന വല്യപ്പച്ചന്‍ ഒരു ദിവസം അത്താഴക്കഞ്ഞി കുടിക്കുന്നിടത്തുനിന്നും ജോര്‍ജിനെ വിളിച്ചെഴുന്നേല്‍പ്പിച്ചു പറഞ്ഞു പോലും

“എടാ ചെറുക്കാ ഈ പൊകല ഒന്നു മുറിച്ച് തന്നെ, ഞാന്‍ പിടിച്ചിട്ട് മുറിയുന്നില്ല!”
അങ്ങനെ കയ്യിലിരുന്ന പുകയില (കറുത്തു നീണ്ട രൂപത്തിലുള്ള) ജോര്‍ജിനെ ഏല്‍പ്പിച്ചു. ജോര്‍ജ്ജ് രണ്ടുമൂന്നു തവണപിടിച്ചിട്ടും പുകയില ങേ ഹെ. ചുമ്മാ നടക്കുമ്പോഴും ശ്വാസം പിടിച്ച്, കക്ഷത്തില്‍ പരു വന്നതു പോലെ നടക്കുന്ന ജോര്‍ജ്ജ് ഒന്നു കൂടെ എയര്‍ പിടിച്ച് ശ്രമിച്ചു! കിം ഫലം!
“ എതെന്നാ സാധനമാ വല്യപ്പച്ചാ? ഇതെവിടുന്നാന്നെ വാങ്ങിയെ?” എന്നു ചോദിച്ച് ജോര്‍ജ്ജ് റ്റ്യൂബ് ലൈറ്റിന്റെ കീഴില്‍ വന്ന് പുകയിലയിലേയ്ക്ക് ശരിക്ക് നോക്കിയതും ഞെട്ടിയതും ഒരുമിച്ചായിരുന്നു!
അതു പാമ്പ് അല്ലായിരുന്നു. പുകയിലയും അല്ലായിരുന്നു. വല്യപ്പച്ചന്റെ ചുരുണ്ട് ഉണങ്ങി കരിമ്പനടിച്ച് കറുത്തു പോയ ഒരു കോണകമായിരുന്നു. ‍ ഊത്തപിടിക്കാനും കുരുമുളകു പറിക്കാനും ഏലത്തോട്ടത്തില്‍ അടിക്കാടുവെട്ടാനുമെല്ലാം വെല്യപ്പന്‍ സ്ഥിരമായി ഉപയോഗിക്കുന്ന യൂണിഫോം, കോണകമായിരുന്നു അത്! മുറുക്കാന്‍ ചെല്ലത്തിനടുത്താരോ കൊണ്ടെ വച്ചതായിരുന്നു!

“നായാട്ടുകാരന്റെ പട്ടിയെയാ നീയൊക്കെ തുകിലിന്റെ ഒച്ച കേള്‍പ്പിച്ച് പേടിപ്പിക്കുന്നെ? ഒന്നു പോടാ!” എന്നാണ് തന്റെ റ്റവലിനെക്കുറിച്ച് പരാതിപറയുന്നവനോട് ജോര്‍ജ്ജ് പറയാറുള്ളത്.

ജോര്‍ജ്ജാണ് നമ്മുടെ കഥയിലെ നായകന്‍ (അതോ വില്ലനോ എന്ന് നിങ്ങള്‍ തീരുമാനിക്കുക). റാംജിറാവു സ്പീക്കിങ്ങിലെ കക്കൂസുപോലെ തന്നെയായിരുന്നു ഹോസ്റ്റലിലെ കക്കൂസും. പൂട്ടോ കൊളുത്തോ ഒന്നുമില്ല! (വാതില്‍ അടച്ചാലും ഇടയ്ക്ക് 1-2 ഇഞ്ച് ഗ്യാപ്പുമുണ്ട്).ഉപയോഗിക്കുന്നവന്‍ ഒന്നില്ലെങ്കില്‍ പാട്ടുപാടണം അല്ലെങ്കില്‍ ഉടുമുണ്ട് ഡോറിലിട്ട് “അകത്ത് ആളുണ്ട്” എന്നറിയിക്കണം. അല്ലെങ്കില്‍ അതികലശലായ മൂത്രശങ്കയുമായി വരുന്നവന്റെ തീര്‍ത്ഥം ചിലപ്പോള്‍ മുഖത്തോ ദേഹത്തോ വീണേക്കാം. മുണ്ടടയാളമോ പാട്ടടയാളമോ ഇല്ലെങ്കില്‍ കുറ്റീം കൊളുത്തുമില്ലാത്ത വാതില്‍ വലിച്ച് തുറന്ന് ആളുകള്‍ മൂത്രശങ്ക നീട്ടിത്തകര്‍ക്കുന്നത് ഞെട്ടി വാ പൊളിച്ചിരിക്കുന്നവന്‍ കൊണ്ടുംകണ്ടുമറിയും!

അക്കാലത്ത് വേറൊരു പരിപാടികൂടെ ചിലര്‍ തുടങ്ങി. അടയാളമായി ഇടുന്ന ലുങ്കി എടുത്തുകൊണ്ട് പോകുക. ഒരുമാതിരി 75% പേര്‍ക്കും ബര്‍ത്ത് ഡേ സ്യൂട്ടില്‍ ഹോസ്റ്റലില്‍ നടക്കാനായിരുന്നു ഇഷ്ടമെന്നതിനാല്‍ അധികം പേരെ ഈ ആക്രമണം ബാധിച്ചിരുന്നില്ല. ഘടാഘടിയനായ, ആട്ടുമ്മുട്ടന്റെ രൂപമുള്ള ജോര്‍ജ്ജ് ഇക്കാര്യത്തില്‍ മാത്രം ഒരു മാടപ്രാവിന്റെ പ്രകൃതക്കാരനായിരുന്നു. എത്ര റൌഡിത്തരം കാട്ടിയാലും ദിഗംബരനായി ഹോസ്റ്റലില്‍ നടക്കുകയില്ല! തന്റെ മുണ്ട് ആരും എടുത്തുകൊണ്ടു പോകാതിരിക്കാനായി വാതിലിലിട്ടിരിക്കുന്ന മുണ്ടിന്റെ മറ്റെ അറ്റം കൈകൊണ്ട് എപ്പോഴും മുറുകെ പിടിച്ചിരുന്നു! മിനിമം അരമണിക്കൂറെങ്കിലും എടുക്കുമായിരുന്നു ജോര്‍ജ്ജിന്റെ അപ്പിയാപ്പീസ് വിസിറ്റ്.


റ്റോബിയായിരുന്നു മുണ്ട് അടിച്ചുമാറ്റുന്നതില്‍ ചാമ്പ്യന്‍. അടിച്ച്മാറ്റിയ മുണ്ടുമായി നില്‍ക്കുന്ന റ്റോബിയുടെ മുഖത്തെ ആ ചാരിതാര്‍ത്ഥ്യം പോലൊന്ന് പിന്നീട് ഞാന്‍ കണ്ടിട്ടുള്ളത്, ഓസ്കാര്‍ അവാര്‍ഡ് കിട്ടിയപ്പോള്‍, പൂക്കുട്ടിയുടെ മുഖത്താണ്. ജോര്‍ജ്ജിന്റെ മുണ്ട് മാത്രമായിരുന്നു റ്റോബിക്ക് എടുക്കാന്‍ പറ്റാഞ്ഞത്.

ഞങ്ങളുടെ റൂമില്‍ അന്ന് റ്റോബി വന്ന് ഒരു സിഗരറ്റും പുകച്ചിരുന്ന്, ജോര്‍ജ്ജിനെ അന്വേഷിച്ചു. അപ്പിയാപ്പീസിലാണെന്നറിഞ്ഞപ്പോള്‍ “ഇന്നേതായാലും ജോര്‍ജ്ജിന്റെ മുണ്ട് അടിച്ച്മാറ്റിയിട്ടു തന്നെ; മൂന്നുതരം” എന്നു പറഞ്ഞു റ്റോബി വായില്‍ തടഞ്ഞ സിഗരറ്റിന്റെ ചുക്ക തുപ്പിത്തെറുപ്പിച്ചുകൊണ്ട് എഴുന്നേറ്റു. പിന്നെ തന്റെ ശിങ്കിടികളെയും കൂട്ടി ബാത് റൂം വിങ്ങിലേക്ക് പതുക്കെ നടന്നു. മാര്‍ജ്ജാരപാദങ്ങളോടെ ഒച്ചയുണ്ടാക്കാതെ റ്റോബി ജോര്‍ജ്ജിന്റെ ലുങ്കി കിടക്കുന്നവാതിലുനു നേരെ മുന്‍പില്‍ ചെന്ന് (സൈഡില്‍ നിന്നാല്‍ ഗ്യാപ്പിലൂടെ ജോര്‍ജ്ജിന് ആളെ കാണാം. കണ്ടാല്‍ ഗതി അധോഗതി! ജയന്റെ മുന്നില്‍ പെട്ട ബാലന്‍ കെ നായരെപ്പോലെയാകും!) ലുങ്കിയുടെ അറ്റത്ത് പിടിച്ച് ഒറ്റവലി! കിട്ടിയില്ല! അകത്തുനിന്നു ജോര്‍ജ്ജ് തെറി തുടങ്ങി. ഏതു മൈ*# %$%യാടാ! എന്നു തുടങ്ങി നിയാണ്ടര്‍ താള്‍ മനുഷ്യന്‍ വരെ മണ്ണിനടിയില്‍ നിന്നെഴുന്നേറ്റ് വന്ന് ചെവിപൊത്തി നില്‍ക്കുന്ന തെറിയഭിഷേകം. റ്റോബി അല്‍പ്പനേരം കാത്തുനിന്നു. ബഹളമടങ്ങിയപ്പോള്‍ റ്റോബി ഒന്നുകൂടെ ശ്രമിച്ചു. ജോര്‍ജ്ജ് പിടി ഒന്നു കൂടെ മുറുക്കിയിരുന്നതിനാല്‍ ഇത്തവണയും മുണ്ട് കിട്ടിയില്ല. റ്റോബി ഒളിച്ചു, ജോര്‍ജ്ജ് തെറിയുടെ ഡോസ് അരക്കട്ട കേറ്റിപ്പിടിച്ചു. റ്റോബിക്ക് വാശിയായി. തെറികേട്ട് ആസ്വാദകരും പ്രേക്ഷകരും കൂടി. റ്റോബി മൂന്നാമതും വാതിലിനരികിലേക്ക് നീങ്ങി. ജോര്‍ജ്ജിന്റെ മുണ്ട് വാതിലിനു മുകളിലൂടെ അല്‍പ്പം കൂടി പിടിക്കവുന്ന രീതിയില്‍ താഴ്ന്നു. റ്റോബി സൈഡിലൂടെ ഒന്നു പാളിനോക്കി. പിന്നെ ഏറുകൊണ്ട പട്ടിയെപ്പോലെ അവിടെനിന്നും പാഞ്ഞു. ആരാധകരും പ്രേക്ഷകരും പുറകെ!

റൂമില്‍ വന്നിരുന്നു കിതയ്ക്കുന്ന റ്റോബിയോട് “എന്താ? എന്തു പറ്റി?” എന്ന് പ്രേക്ഷകരും ആരാധകരും.കിതപ്പടക്കി, ഒരു ഗ്ലാസ് വെള്ളമെടുത്ത് കുടിച്ചുകൊണ്ട് റ്റോബി പറഞ്ഞു

“ഞാന്‍ ലുങ്കി വീണ്ടും താഴോട്ട് വരുന്നതു കണ്ട് സംശയിച്ച് വാതിലിനു വിടവിലൂടെ നോക്കിയപ്പോള്‍ ജോര്‍ജ്ജ് ലുങ്കിയില്‍ നിന്നും പിടിയൊക്കെ വിട്ട്, വലതു കയ്യില്‍ തീട്ടവും വാരിപ്പിടിച്ച്, എറിയാന്‍ തയ്യാറായി നില്‍ക്കുന്നു. ലുങ്കിയില്‍ ഞാന്‍ പിടിച്ചാല്‍ അപ്പോള്‍ തന്നെ വാതില്‍ തുറന്ന് ഏറ് വന്നേനെ!
ഭാഗ്യം! മലാഭിഷേകത്തില്‍ നിന്ന് രക്ഷപ്പെട്ടു!”

അതിനു ശേഷം ആ ഹോസ്റ്റലില്‍ അന്തേവാസികള്‍ റ്റെന്‍ഷനില്ലാതെ ആ കൃത്യം നിര്‍വ്വഹിച്ചുപോന്നു!

Friday, September 4, 2009

ഒരു കുളി സീന്‍ ചരിതം!

മലയാളിയും കുളിയും തമ്മിലുള്ള ബന്ധം തുടങ്ങിയിട്ട് ഏതാണ്ട് അയ്യായിരം കോടി വര്‍ഷം ആയെന്നാണ്‌ എന്റെയൊരൂഹം! ചരിത്രാതീത കാലം മുതല്‍ക്കെ കുളിസീന്‍ കാണല്‍ എന്നകലയില്‍ കേരളീയര്‍ അഗ്രഗണ്യരായിരുന്നു എന്ന് പമ്പാനദീ തട സംസ്ക്കാരവും മറ്റും വായിച്ചിട്ടുള്ളവര്‍ക്കറിയാം. തലച്ചോറിലെ മെഡുല്ല ഒബ്ലോംകട്ട എന്ന കട്ടിയുള്ള ഒരു ഭാഗത്തിന്റെ കട്ടി കുറയുന്നതാണ് ഞരമ്പ് രോഗത്തിനു കാരണമെന്ന് ബൂലൊകത്തെ ഡോ.വല്യത്താനായ ഡോ. സൂരജ് പോത്തുംകാലില്‍ പറഞ്ഞിട്ടുണ്ട്. എങ്കില്‍ തൊണ്ണൂറു ശതമാനം മലയാളി പൂമാന്മാര്‍ക്കും കട്ടികുറവുണ്ട് എന്നാണെനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്. വീടിനടുത്ത് ഒരു തോടോ പുഴയോ ഉണ്ടെങ്കില്‍ അതിന് കരയിലൂടെ ചുമ്മാ നടന്നാല്‍ മനസ്സിലാക്കാവുന്നതുമാണ് ഇക്കാര്യം. ചെറുപ്രായക്കാര്‍ മുതല്‍ “അടിക്കമ്പായി”, കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പടുകിളവന്മാര്‍ വരെ ഈ വിനോദത്തില്‍ ഏര്‍പ്പെടുന്നു എന്നതാണ് രസം.

ഒരു പുഴയോരഗ്രാമവാസിയായ എനിക്ക് കണ്ടും കേട്ടും അറിയാനിടയായ കുറെ കുളിസീന്‍ വിശേഷങ്ങള്‍ നിങ്ങള്‍ക്കായിതാ....

കഥ നടക്കുന്നത് ഏതാണ്ട് പത്ത് പതിനഞ്ച് വര്‍ഷങ്ങാള്‍ക്ക് മുന്‍പ്....

നമ്മുടെ കഥാനായകന്‍ ഷിജു. സമപ്രായക്കാരുടെ ഇടയില്‍ കെ.എസ് എന്നും അറിയപ്പെടും (കെ എസ് ഗോപാലകൃഷ്ണനെ വെല്ലുന്ന സീന്‍ പിടുത്തക്കാരനായതിനാലാണെന്നും കുളിസീന്‍ സ്പെഷ്യലീസ്റ്റിന്റെ ചുരുക്കെഴുത്താണെന്നും നാട്ടില്‍ സംസാരമുണ്ട്!). മോശമല്ലാത്ത ഡിഗ്രി ആയ പ്രീ ഡിഗ്രിയും കഴിഞ്ഞു കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും ട്യൂഷന്‍ എടുത്ത് കഴിയുന്നു. രാവിലെയും വൈകുന്നേരവുമാണ് ട്യുഷന്‍ പരിപാടി. രാവിലെ കുട്ടികള്‍ സ്കൂളില്‍ പോയി തിരിച്ചു വരുന്നതു വരെയുള്ള സമയം തന്റെ ഹാര്‍ലി ഡേവിഡ്സണായ ബി എസ് സൈക്കിളിലാണ് യാത്ര. പെണ്‍കിടാങ്ങള്‍ കുളിക്കാനെത്തുന്ന സമയം സാറിന് മനപാഠം. ഓരോ കടവുകളും പതിവായി കവറു ചെയ്യും. സൈക്കിളിന്റെ ബോക്സില്‍ ഒരു തോര്‍ത്തും സോപ്പും റ്റൈം റ്റേബിളും എപ്പോഴും ഉണ്ടാവും. റ്റൈം റ്റേബിളില്‍ കുട്ടികളുടെ റ്റ്യൂഷന്‍ സമയങ്ങള്‍ക്കു പുറമേ വിവിധ കടവുകളിലെ കുളിക്കാരികളുടെ പേരുകളും അവരുടെ ഷെഡ്യൂളും കാണും! സഹകരണ മനോഭാവമുള്ള കുളിക്കാരികളുടെ കൂടെ കടവില്‍ ഇറങ്ങി കൂടെ കുളിച്ചു കൊണ്ടു അവരുടെ കുളി ആസ്വദിക്കുക എന്നതാണ് ഇഷ്ടന്റെ ഏറ്റവും സിമ്പിള്‍ അഭ്യാസം. മിണ്ടിയും പറഞ്ഞും കുളിക്കുന്നതിനൊപ്പം തരുണീമണികളുടെ അനാവൃതമാകുന്ന അവയവ ഭംഗി കണ്ട് ഷിജു സായുജ്യമടയും. ഇതിനിടയില്‍ മറ്റു പെണ്ണുങ്ങളുടെ രണ്ടു കുറ്റവും പറഞ്ഞു കൂടുതല്‍ എന്തെങ്കിലും തരമാകുമോ എന്നും ശ്രമിക്കും. പുതുമുഖങ്ങളുടെ കുളികാണുവാനായി നൂതനമായ പല റ്റെക്നിക്കുകളുടെയും പേറ്റന്റും ഈ മഹാനുഭാവനു സ്വന്തമാണെന്നറിയുമ്പോള്‍ നിങ്ങള്‍ക്കീ മഹാന്റെ വില ഊഹിക്കാം. എങ്കിലും ദര്‍ശനസുഖത്തിലൊതുക്കി സ്പര്‍ശനസുഖത്തിനു മുതിരാത്തവനായിരുന്നു ഷിജു.പുതിയതാരങ്ങള്‍ കുളിക്കാനായി ഇറങ്ങിയാല്‍ ഷിജു തന്റെ വാഹനം അല്പം അകലെയായി പാര്‍ക്കു ചെയ്ത് ഒരു വ്യൂ പോയിന്റ് കണ്ടു പിടിയ്ക്കും. മിക്കവാറും ഏതെങ്കിലും മരത്തിനു പിറകിലോ കുറ്റിക്കാട്ടിലോ ആയിരിക്കും കക്ഷിയുടെ ഒളിസങ്കേതം. അഥവാ പറ്റിയ മരമോ കുറ്റിക്കാടോ ഇല്ലാത്തപക്ഷം എതെങ്കിലും മരത്തിന്റെ ഇലകള്‍ നിറഞ്ഞ കമ്പൊടിച്ച് അതുകുത്തിനാട്ടി ഒരു താല്‍ക്കാലിക കുറ്റിച്ചെടി സൃഷ്ടിക്കുന്നതിലും ടിയാന്‍ സമര്‍ത്ഥനാണ്! തരുണീമണികള്‍ കുളിക്കിടയില്‍ പൊസിഷന്‍ മാറുമ്പോള്‍ ദര്‍ശനം ഉറപ്പാക്കാനായി ഈ കുറ്റിച്ചെടികള്‍ അങ്ങോട്ടുമിങ്ങോട്ടും മെല്ലെ നീങ്ങുന്നതും കാണാം. അങ്ങനെ നടന്നു നീങ്ങുന്ന ചെടികള്‍ കണ്ടാല്‍ സമാനചിന്താഗതിക്കാരായ യുവാക്കള്‍ “മൃഗയായില്‍” “വാറുണ്ണി കേറിയ വീട്” എന്നു പറയുന്ന പോലെ “ഷിജു കവറു ചെയ്യുന്ന കടവ്” എന്നു മനസ്സിലാക്കി അടുത്ത കടവുപിടിക്കുമായിരുന്നു!പായല്‍ക്കൂട്ടത്തിനിടയില്‍ ഒഴുകിനടന്ന് കുളി ആസ്വദിക്കുന്നതാണ് ഇഷ്ടന്റെ മറ്റൊരു രീതി. ഇങ്ങനെ ഒഴുകിവരുന്ന ആ പായല്‍ക്കൂട്ടം, നല്ല സീന്‍ കിട്ടുന്നിടത്തെത്തുമ്പോള്‍, പുഴയിലേക്കിറങ്ങിക്കിടക്കുന്ന ഏതെങ്കിലും പുല്ലിലോ മരത്തിലോ തടഞ്ഞ് നില്‍ക്കും. അവിടുത്തെകുളി തീര്‍ന്നു കഴിഞ്ഞേ പിന്നീടാ പായല്‍ക്കൂട്ടം നീങ്ങൂ.തോട്ടായിടീലുകാരന്‍, ചൂണ്ടക്കാരന്‍, വീശുകാരന്‍, ആടിന് ഇല വെട്ടുകാരന്‍ എന്നീ രൂപങ്ങളിലും കുളക്കടവുകളില്‍ ആദ്ദേഹം അവതരിക്കാറുണ്ട്. പെണ്ണുങ്ങള്‍ കുളിക്കുന്ന കടവില്‍ ചെന്ന് വെറും കല്ല് തിരിയും ചേര്‍ത്ത്‌വച്ച് കെട്ടി കത്തിച്ച് പുഴയിലേക്ക് എറിഞ്ഞ് “ദേ ഇപ്പം പൊട്ടും കെട്ടോ” എന്നു പറഞ്ഞ് പെണ്ണുങ്ങളെ വെള്ളത്തില്‍ നിന്നു കയറ്റി നിര്‍ത്തി നയനസുരതം നടത്തി ആത്മനിര്‍വൃതി അടയാറുമുണ്ട് കക്ഷി.


“അയ്യോ! കഷ്ടം! ചീറ്റിപ്പോയല്ലോ” എന്നു “എന്താ പൊട്ടാത്തെ?” എന്ന ചോദ്യത്തിനുത്തരവും കൊടുത്ത് അടുത്ത ഇരയെ ലക്ഷ്യമാക്കി നീങ്ങും നമ്മുടെ നായകന്‍.അഥവാ പിടിക്കപ്പെടും എന്നു തോന്നിയാല്‍ ഞങ്ങളുടെ നാട്ടിലെ ഒട്ടുമിക്ക കുളിസീന്‍ ആസ്വാദകരും ചെയ്യുന്നത് തങ്ങളുടെ മുട്ടില്‍ കയ്യ് ഊന്നി മുടന്തി മുടന്തി ഓടുക എന്നതായിരുന്നു. ഒന്നില്‍ കൂടുതല്‍ കാഴ്ചക്കാര്‍ ഓടുന്നുണ്ടെങ്കില്‍ മറ്റുള്ളവര്‍ മുടന്തുന്നവനോട് “‘എടാ സിറാജെ, ഒന്നു പതുക്കെ ഓടെടാ” എന്നും ഉറക്കെ (കുളിക്കുന്ന പെണ്‍കൊടികള്‍‍ കേള്‍ക്കുന്ന മട്ടില്‍ ഉച്ചത്തില്‍) വിളിച്ചുപറയും! കാരണം കുളിസീന്‍ വേട്ടയില്‍, അല്‍പ്പം മുടന്തുള്ള സിറാജും ഷിജുവും, നൂറുമീറ്റര്‍ ഓട്ടത്തിലെ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടും അസഫ പവലും പോലെയാണ്! രണ്ടുപേരും അഗ്രഗണ്യര്‍! പക്ഷെ നമ്മുടെ ചന്തുവിനെപ്പോലെ പഴിയെല്ലാം ഏല്‍ക്കാനായിരുന്നു പാവം സിറാജിന്റെ ജന്മം.അന്നൊരു ഞായറാഴ്ച ദിവസം രാവിലെ ഷിജുവിനെ അമ്മ മീനാക്ഷിച്ചേച്ചി വിളിച്ചെഴുന്നേല്‍പ്പിച്ചത് തന്റെ ആടുകളുടെ കരച്ചില്‍ സഹിക്കവയ്യാതെയായിരുന്നു. ഞായറാഴ്ച പ്രഭാതങ്ങളില്‍ റ്റ്യൂഷനും കടവുകളിലെ കളക്ഷനും കുറവായതിനാല്‍ ആസനത്തില്‍ സൂര്യനടുപ്പുകൂട്ടുന്നതു വരെ ഷിജു ഉറങ്ങാറുണ്ട്. ആടുകള്‍ക്ക് കൊടുക്കാനുള്ള പുല്ല് തീര്‍ന്നതിനാല്‍ മീനാക്ഷിച്ചേച്ചി ഒരു വാക്കത്തി എടുത്ത് കയ്യില്‍ കൊടുത്ത് ഷിജുവിനോട് ആറ്റുപുറമ്പോക്കില്‍ നില്‍ക്കുന്ന പ്ലാവില്‍ നിന്നൂം കുറെ പ്ലാവില വെട്ടിക്കോണ്ടുവരാനായി പറഞ്ഞു. ഇളയ പെങ്ങള്‍ ഷില്‍ജി കൊടുത്ത കട്ടനും ഊതിക്കുടിച്ച് കടവില്‍ സീനൊന്നും തടയുന്ന സമയമല്ലല്ലോ എന്നോര്‍ത്ത് ഞായറാഴ്ചയേയും അമ്മയേയും മനസ്സാ പ്രാകി പ്ലാവില്‍ വലിഞ്ഞുകയറി. ഒഴിഞ്ഞുകിടക്കുന്ന പെണ്ണുങ്ങളുടെ കുളിക്കടവുകള്‍കണ്ട് തത്ത ചത്ത കാക്കാലനേപ്പോലെ അവന്‍ നെടുവീര്‍പ്പെട്ടു! കുളിക്കടവില്‍ പെണ്ണുങ്ങളുണ്ടെങ്കില്‍ മണിക്കൂറുകള്‍ നീളുന്ന ആ ഇലവെട്ട് പോളിംഗ് ഇല്ലാത്തതിനാല്‍ മിനിറ്റുകള്‍ കൊണ്ട് തീര്‍ത്ത് ഷിജു പ്ലാവില വെട്ടി കൊണ്ടുപോയി ആട്ടിന്‍‌കൂട്ടില്‍ ഇട്ടു.“അമ്മേ, ഇതാ പ്ലാവില കൊണ്ടുവന്നു കെട്ടോ” ഷിജു ആട്ടിന്‍‌കൂട്ടില്‍ പ്ലാവില സ്ഥാപിച്ച് ഒന്നു മൂരിനിവര്‍ന്നു.

“എന്നാ വന്നു പ്രാതല്‍ വലിച്ച് കേറ്റെടാ” അമ്മ സ്വതസിദ്ധമായ കലിപ്പോടെമൊഴിഞ്ഞു.

“ദാ വരുന്നു....”

എന്നും പറഞ്ഞ് വാക്കത്തി കൊണ്ട് പുറം ചൊറിയുമ്പോളാണ് ഷിജു ഹൃദയം കുളിര്‍ക്കുന്ന ആ കാഴ്ചകാണുന്നത്! അയല്‍ക്കാരിയും, കുളിക്കടവിലെ വിശാലമനസ്കയും, പ്രതിപക്ഷബഹുമാനമുള്ളവളും, സര്‍വ്വോപരി അതീവ സുന്ദരിയുമായ മാഗിച്ചേച്ചി ഒരു ബക്കറ്റു നിറയെ തുണിയുമായി, തലയിലെണ്ണയുമൊക്കെ വച്ച്, കടവിലേക്കു പോകുവാനായി തയ്യാറായി നില്‍ക്കുന്നു! (മാഗിച്ചേച്ചിയാണെങ്കില്‍ തലെദിവസം ദുബായില്‍ നിന്നും മകനെ എന്‍‌റ്റ്രന്‍‍സിനു പഠിപ്പിക്കാനായി എത്തിയതേയുള്ളൂ. )‌“എത്ര നാളായി ആറ്റുവെള്ളത്തിലൊന്നു വിസ്തരിച്ച് മുങ്ങിക്കുളിച്ചിട്ട്”


എന്ന് മാഗിച്ചേച്ചി മുറ്റത്തുനിന്ന വേലക്കാരി കൌസുവിനോട് പറഞ്ഞുതീരുന്നതിനു മുന്‍പു ഷിജു കുറുക്കുവഴിയിലൂടെ, വാക്കത്തിയുമായി, ഉസൈന്‍ ബോള്‍ട്ടിനെ വെല്ലുന്ന സ്പീഡില്‍ ഓടി. കടവിനടുത്ത അതേ പ്ലാവിന്റെ ഒരു ശിഖരത്തില്‍, ഫ്രെഞ്ച് സ്പൈഡര്‍മാന്‍ അലൈന്‍ റൊബെര്‍ട്ട് പെറ്റ്രൊനാസ് റ്റവറിനു മുകളില്‍ കയറിയ അതേ ലാഘവത്തോടെ, പാഞ്ഞുകയറി ഇലകള്‍ക്കിടയില്‍, ആസനസ്ഥനായി. ഒരു പ്രൊഫഷണല്‍ ക്യാമറമാന്‍ ഷോട്ടിനു മുന്‍പ് ഫ്രേം ശരിയാക്കുന്നതു പോലെ മാഗിച്ചേച്ചി അലക്കുന്നതും കുളിക്കുന്നതുമായ ഏരിയ കവറുചെയ്യുന്ന രീതിയില്‍ തന്റെ പൊസിഷനുറപ്പിച്ചു. മാഗിച്ചേച്ചിവന്ന കാര്യം തന്റെ കോമ്പറ്റീറ്റേഷ്സ് ഒന്നും അറിഞ്ഞുകാണില്ലല്ലോ എന്നോര്‍ത്ത് ഒന്നു കൂടെ സന്തോഷിച്ചു (അല്ലെങ്കില്‍ കടവിനക്കരെ കുറെയധികം ചെടികള്‍ ഓടി നടന്നേനെ!). കാണാന്‍ പോകുന്ന പൂരം ഓര്‍ത്ത് ഷിജു തനിക്കുതന്നെ അഞ്ചാറ് “കണ്‍ഗ്രാറ്റ്സ്” പറഞ്ഞ് ഒന്നൂറിച്ചിരിച്ചു വലതുകൈ കൊണ്ട് തന്റെതന്നെ ഇടതുകൈ കുലുക്കി. പിന്നീട്, ചേച്ചിയെങ്ങാനും അഥവാ തന്നെ കണ്ടാല്‍ ചോദിക്കാനായി രണ്ടുമൂന്നു ചേദ്യങ്ങളും ആലോചിച്ച്, ചേച്ചിയെ കാണിക്കാനായി ഒരു പ്ലാവിന്റെ ഇലകളുള്ള കമ്പും മുറിച്ച് കയ്യില്‍ പിടിച്ചു.മാഗിച്ചേച്ചി വന്നപാടെ കുളികഴിഞ്ഞ് ധരിക്കാനുള്ള വസ്ത്രങ്ങളെല്ലാം പുല്ലില്‍ വച്ച് ബക്കറ്റുമായി പുഴയരുകിലെ അലക്കുകല്ലിലേയ്ക്കു നീങ്ങി. ഇട്ടിരുന്ന മെറൂണ്‍ നൈറ്റി മടക്കിക്കുത്തി. ഷിജു ശ്വാസം പിടിച്ച്, നിര്‍ന്നിമേഷനായി, ആദ്യമായി ഷേണായീസില്‍ കര്‍ട്ടന്‍ പൊങ്ങുന്നതു കാണുന്ന കുഗ്രാമവാസിയേപ്പോലെ (പൊട്ടന്‍ പൊന്‍‌കുടം കണ്ടതു) പോലെ അതും നോക്കി വായും പൊളിച്ചിരുന്നു! കയ്യിലൂടെ ഒരു രോമാഞ്ചം അരിച്ചുകേറുന്നതായി ഷിജുവിനു തോന്നി. അത് മാഗിച്ചേച്ചിയുടെ വിരലുകളാണെന്ന് ആനന്ദതുന്തിലനായ ഷിജു കരുതി. രോമാഞ്ചം കൂടിവരുന്നതു കണ്ട് കയ്യിലേക്ക് നോക്കിയപ്പോളതാ പുളിയനുറുമ്പുകള്‍! താന്‍ വെട്ടി കയ്യില്‍ പിടിച്ചിരുന്ന പ്ലാവിന്‍‌കൊമ്പിന്റെ അറ്റത്ത് ഒരു പുളിയനുറുമ്പിന്‍ കൂട് അപ്പോഴാണ് ഷിജു കണ്ടത്!

“ഈ പരട്ട നീര്‍ക്കോലി കടിച്ചാല്ലൊന്നും ഞാനീ ഫോര്‍ കോഴ്സ് ഡിന്നര്‍ ഉപേക്ഷിക്കാന്‍ പോണില്ല മോനേ..” എന്നു മനസ്സില്‍ പറഞ്ഞു ഷിജു കണ്ണ് വീണ്ടും കുളിക്കടവിലേക്ക് പാന്‍ ചെയ്തു.


“മമ്മീ, ഒന്നു പെട്ടന്ന് കേറി വന്നേ, കുമ്പനാട്ടൂന്നു ദേ തോമാച്ചനങ്കിളും മറ്റും വീട്ടില്‍ വന്നിരിക്കുന്നു.”

മാഗീപുത്രന്‍ മാന്‍സന്റെ വാക്കുകള്‍ ഒരു അശനിപാതം പോലെ ഷിജുവിന്റെ ചെവിയില്‍ എത്തി. തോമാച്ചനേയും അതിയാന്റെ അച്ഛനാപ്പൂപ്പന്മാരെയും പത്തുപതിനഞ്ച് തലമുറകളേയും ഷിജു അറിയാവുന്നതും അല്ലാത്തതുമായ തെറികളെല്ലാം മനസ്സാ വിളിച്ചു! കൂടാതെ അന്നത്തെ തന്റെ കണിയായ സ്വന്തം മാതാശ്രീയ്ക്കും കൊടുത്തു അതിന്റെ ഒരു ഷെയര്‍!മാഗിച്ചേച്ചി മടക്കിക്കുത്തഴിച്ച്, ബക്കറ്റും മറ്റു തുണികളുമായി തിരികെ കയറിപോകുന്നതു കണ്ട് ലേഡീസ് ബസ്റ്റോപ്പില്‍ വച്ച് ചെരുപ്പിന്റെ വാറുപൊട്ടിയവന്റെ മുഖവുമായി ഷിജു ഇരുന്നു. അപ്പോഴാണ് കൂനിന്മേല്‍ കുരു!


“അതെന്താ മാഗീ കുളിക്കാതെ തിരിച്ച് പോകുന്നത്?”


ചിരപരിചിതമായ ആ ശബ്ദം കേട്ട് ഷിജു തിരിഞ്ഞു നോക്കിയപ്പോളതാ അമ്മ! കുറച്ചുപുറകിലായി ഇളയപെങ്ങള്‍ ഷില്‍ജിയും! രണ്ടുപേരുടെ കയ്യിലും ഒരോ ബക്കറ്റ് നിറയെ തുണികളും!

“ഓ, എന്തോ പറയാനാഎന്റെ ചേച്ചീ, ഒത്തിരിനാളു കൂടി ഒന്നു മുങ്ങിക്കുളിക്കാമെന്ന് വിചാരിച്ചപ്പോഴേയ്ക്കും കുമ്പനാട്ടെ അച്ചായന്‍ എത്തി” എന്ന് മറുപടി പറഞ്ഞ് മാഗിച്ചേച്ചി നടന്നു മറഞ്ഞു.


“ഇതിനാണോ ഇടിവെട്ടിയവനെ പാമ്പും പട്ടിയും കൂടെ ചേര്‍ന്നു കടിക്കുക എന്നു പറയുന്നത്?”
ഷിജു സ്വയം ശപിച്ചു.


“പ്ലാവില്‍ നിന്നും ആഞ്ഞൊന്നു ചാടി തലയാ അലക്കുകല്ലില്‍ ഇടിപ്പിച്ച് ആത്മഹത്യ ചെയ്താലോ” എന്നു വരെ ഷിജു ആലോചിച്ചു. താന്‍ പ്ലാവില കൊണ്ടുപോയി ആടിനു കൊടുത്തതെല്ലാം അമ്മ അറിഞ്ഞതാണ്. വീണ്ടും പ്ലാവില്‍ കയറിയത് കണ്ടാല്‍ അത് ദുരുദ്ദേശത്തോടെയാണെന്ന് കുശാഗ്രബുദ്ധിയായ അമ്മയ്ക്ക് എളുപ്പം പിടികിട്ടും. ഷിജു ഇലകള്‍ക്കിടയിലേക്ക് ഒന്നു കൂടെ മറഞ്ഞ് തൊട്ടുതാഴത്തെ ആളില്ലാക്കടവിലേയ്ക്കും നോക്കി ഇരുന്നു!


“എടീ ഈ കടവില്‍ ഒരു അലക്കുകല്ലേയുള്ളൂ. നീ താഴത്തെ കടവില്‍ പോയി അലക്ക്”
അമ്മ ഷില്‍ജിയോട്പറയുന്നത് ഷിജു വീണ്ടും കേട്ടു. ഷില്‍ജി താഴത്തെ കടവില്‍ ഇറങ്ങി വിവസ്ത്രയാകാന്‍ തുടങ്ങി.“ഈ നശിച്ചതള്ളയെക്കൊണ്ട് തോറ്റു. ഇനി ഞാന്‍ എവിടെപ്പോയി ഒളിക്കും? എവിടെ നോക്കും?”

ഷിജു മാഗിച്ചേച്ചിയേയും ശപിച്ചു! രണ്ടുകടവുകളില്‍ നിന്നും നോക്ക് കിട്ടാത്തവിധത്തില്‍ ഒരു കമ്പിലേക്ക് ഷിജു മാറി പ്ലാവിനു പുറകുവശത്തുള്ള റോഡിലേയ്ക്കും നോക്കി ഷിജു ഒരു ശവം പോലെ ഇരുന്നു.പ്ലാവിനും റോഡിനുമിടയില്‍ നില്‍ക്കുന്ന മാവില്‍ നിന്നും ഒരു അനക്കം കണ്ടാണ് ഷിജു അങ്ങോട്ട് നോക്കിയത്. മാവിലകള്‍ക്കിടയില്‍ ഒരു മാമ്പഴവും ഈമ്പിക്കുടിച്ച് സിറാജ് ഷില്‍ജി കുളിക്കുന്ന കടവിലേയ്ക്കും നോക്കി രസിച്ചിരിക്കുന്നു! ചക്കപ്പുഴുക്കു കണ്ട ഗ്രഹണിക്കാരന്റെ കണ്ണിലെ തിളക്കം ഷിജു സിറാജിന്റെ കണ്ണുകളില്‍ കണ്ടു! ഇതൊന്നുമറിയാതെ പുളിയനുറുമ്പുകള്‍ ഷിജുവിന്റെ മേലാസകലം കടിമുറുക്കിക്കൊണ്ടേയിരുന്നു!

വാല്‍ക്കഷണം: പിന്നീട് ഷിജുവിന് APKK (അമ്മേടേം പെങ്ങടേം കുളി കണ്ടോന്‍) എന്നൊരു പേരും കിട്ടിയത്രേ! മൂന്നു മണിക്കൂര്‍ കഴിഞ്ഞ് താഴെയിറങ്ങിയ ഷിജുവിന്റെ ശരീരം കണ്ടാല്‍ പട്ടാളത്തില്‍ നിന്നും വസൂരി പിടിച്ചെത്തിയ ദാമുവേട്ടന്റെതു പോലെ ഇരുന്നു എന്ന് കിംവദന്തി!

ദിസ്കൈമള്‍: ഈ കഥയിലെ കഥാപാത്രങ്ങളും സംഭവങ്ങളും എന്റെ ഭാവനയില്‍ വിരിഞ്ഞവയാണ്. ആരെങ്കിലുമായോ ഏതെങ്കിലും സംഭവങ്ങളുമായോ നിങ്ങള്‍ക്കാര്‍ക്കെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കില്‍ അതു തികച്ചും യാദൃശ്ചികമായിരിക്കും. എങ്കിലും നിങ്ങള്‍ കൊട്ടേഷന്‍കാരെക്കൊണ്ട് എനിക്ക് അംഗഭംഗം വരുത്തിക്കുകയോ കൊല്ലുകയോ ചെയ്യരുത്, പ്ലീസ്! പറഞ്ഞാല്‍ മതി ഞാന്‍ നിങ്ങളുടെ മുന്‍പില്‍ വന്നു പൊട്ടാസ്യം സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തുകൊള്ളാം! പേടിച്ചിട്ടല്ല, ഫ്രഷ് ബ്ലഡ് എനിക്ക് അലര്‍ജിയാ...

Followers

About Me

മലയടിവാരം, കേരളം, India
മലകളും, മരങ്ങളും, മദ്യവും, മഴക്കാലവും, മലയാളവും, മഴയും, മാക്രിയും, മീനും, മൃഗയയും ഒക്കെ ഇഷ്ടപ്പെടുന്ന ഒരു മലമൂടന്‍ മലയാളി. ഗുണ്ടായിസം, ഭീഷണി, കുത്തിത്തിരുപ്പ്, തവള പിടുത്തം, മീന്‍ പിടുത്തം, നായാട്ട്, പാചകം, ചീട്ടുകളി എന്നിവ മുഖ്യ വിനോദങ്ങള്‍.