ഒരു താന്തോന്നി ബ്ലോഗ്!

Thursday, March 11, 2010

ജാക്കിവീരൻ പ്ലാന്ററും ബ്രിഗേഡ് എക്സ്പീരിയൻസും!

ഫസ്റ്റ് ഇയർ ക്ലാസുകൾ തുടങ്ങിക്കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞാണ് ബിനിൽ ഡേവിസ് എന്ന കാഞ്ഞിരപ്പള്ളിക്കാരൻ ഹോസ്റ്റലിൽ ഒരു മഹീന്ദ്രാ ഡീസൽ ജീപ്പിൽ, നാട്ടുകാരെ മുഴുവൻ കയറ്റി, എത്തിയത്.-മറ്റൊരു കോളേജിൽ നിന്നും ബ്രാഞ്ച് മാറി. കാഞ്ഞിരപ്പള്ളിയുടെ ചുറ്റുവട്ടത്തുള്ള ഒരു ഗ്രാമപ്രദേശത്തുനിന്നും ആദ്യമായി എഞ്ചിനീയറിങ്ങ് പഠിക്കാൻ എത്തിയ രോമമില്ലാത്ത റോമൻ കത്തോലിക്കൻ. പത്തൻപത് ഏക്കറോളം റബ്ബറുള്ള പേരു കേട്ട തറവാട്ടുകാരൻ. അപ്പനും അമ്മയും അടുത്തുള്ള കത്തോലിക്ക ഹൈസ്കൂളിൽ റ്റീച്ചേഴ്സ് (റ്റീച്ചിങ്ങ് ഒരു സൈഡ് ബിസിനസ് മാത്രം! മെയിൻ റബ്ബർ തന്നെ).

ഒരുമാതിരി നല്ലകുടവയറുള്ള ബിനിൽ വയസ്സന്മാർ ഉപയോഗിക്കുന്നതു പോലെയുള്ള പ്ലാസ്റ്റിക് ചെരിപ്പും മടക്കിക്കുത്തിയ ലുങ്കിയും സ്ഥിരം ധരിച്ചിരുന്നു. വയറിനു മുകളിൽ വെന്തിങ്ങയുമായി പിണഞ്ഞുകിടക്കുന്ന വടം പോലെയുള്ള സ്വർണ്ണമാലയും, ഷർട്ടിടാതെ രോമരഹിതമായ വെളുത്തശരീരവും കാട്ടി തനി മലമൂടൻ റബ്ബർ കർഷകനായി അവൻ ഹോസ്റ്റലിൽ എപ്പോഴും കറങ്ങി നടന്നിരുന്നു. എന്നും രാവിലെ പത്രത്തിൽ റബ്ബറിന്റെയും ഒട്ടുപാലിന്റെയും കുരുമുളകിന്റെയും ഒക്കെ വില നോക്കിയിരുന്ന കക്ഷി എന്നും വൈകുന്നേരം വീട്ടിൽ വിളിച്ച് എത്ര റബ്ബർ ഷീറ്റ് കിട്ടി എന്ന് അന്വേഷിച്ചിരുന്നു! ഈ കക്ഷിയെ പ്ലാന്റർ എന്ന് നാമകരണം ചെയ്യാൻ ഞങ്ങൾ രണ്ടാഴ്ചയിൽ കൂടുതലെടുത്തില്ല. കറകളഞ്ഞ ജോസഫ് ഗ്രൂപ്പുകാരനും ഭക്തനും സർവ്വോപരി എല്ലാ ആഴ്ചകളിലും വിശുദ്ധകുർബ്ബാന കൈക്കൊള്ളുന്നവനുമായിരുന്നെങ്കിലും ബസ്സിലും റ്റ്രെയിനിലും സ്ത്രീജനങ്ങളെ കിട്ടിയാൽ, പ്രായം നോക്കി തിരിച്ചുവ്യത്യാസമൊന്നും കാണിക്കാതെ, ജാക്കിവയ്ക്കുക എന്ന ഒരു ദൌർബല്യം പ്ലാന്ററെ ബാധിച്ചിരുന്നു. മേൽ‌പ്പടി സംഭവങ്ങൾ തുടക്കം മുതൽ ഒടുക്കം വരെ വള്ളിപുള്ളി വിടാതെ പറഞ്ഞു കൊടുത്ത് കൂട്ടുകാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുക എന്നത് ഓരോ കാഞ്ഞിരപ്പള്ളി യാത്ര കഴിഞ്ഞും പതിവായിരുന്നു.

പ്ലാന്ററുടെ റൂം മെയ്റ്റാകാൻ ഭാഗ്യം(?) ലഭിച്ചത് ഇരിഞ്ഞാലക്കുടക്കാരനായ ആന്റോ ഇട്ടിക്കായിരുന്നു. പ്രമുഖ സ്വർണ്ണവ്യാപാരി ഇട്ടിച്ചന്റെ പുത്രൻ. അബദ്ധവശാൽ എഞ്ചിനീയറിങ്ങിന് എത്തിപ്പെട്ട സാധു. പീടിക, കോളേജ് (ആമ്പിള്ളേർ ഒൺലി), പള്ളി, കൊയർ, ജീസസ് യൂത്ത് എന്നിവിടങ്ങളിൽ മാത്രം പോകുന്ന, ഒരു പെണ്ണിന്റെയും മുഖത്ത് അനാവശ്യത്തിന് പോയിട്ട്-ആവശ്യത്തിനു പോലും നോക്കാത്ത ഒരു പാവത്താൻ! (ആന്റോയുടെ ചേട്ടന്റെ കല്യാണത്തിനു പോയപ്പോൾ ക്ലാസിലെ പെൺകുട്ടികൽ കാറിന്റെ പുറകിലെ സീറ്റിലിരുന്നതിനാൽ പുറകോട്ട് തലതിരിച്ച് നോക്കാതെ റിവേഴ്സ് എടുത്ത് കാർ മരത്തിലിടിപ്പിച്ചവൻ-ആന്റോ )

“ഈശോ, ഇതൊക്കെ തെറ്റല്ലെ പ്ലാന്ററേ?” എന്ന് ഓരോ കഥ കേൾക്കുമ്പോഴും ചോദിക്കുമെങ്കിലും എല്ലാ കഥയ്ക്കും “എന്നിട്ട്..?” എന്ന പതിവു ചോദ്യവുമായി ആന്റോ കേൾവിക്കാരുടെ മുൻപിലുണ്ടായിരുന്നു. ക്രമേണ സ്ത്രീജനങ്ങളെ, പ്രത്യേകിച്ചും ബസിലും റ്റ്രെയിനിലും കാണുന്ന, അനാവശ്യമായി മാത്രം നോക്കുക എന്ന രീതിലേക്ക് ആന്റൊ മാറി. എങ്കിലും ധൈര്യക്കുറവ് എന്നൊരു പ്രശ്നം കാരണം അടുത്ത സ്റ്റെപ്പിലേയ്ക്ക് കടക്കാതെ ശ്രവണ ദർശനസുഖങ്ങൾ ആസ്വദിച്ച് കഴിഞ്ഞുകൂടി.

അങ്ങനെ കഥാകഥനങ്ങളുമായി, സംഭവരഹിതമായി ആദ്യവർഷം കടന്നു പോയി. സെക്കന്റ് ഇയറിലെ സൌത്ത് ഇൻഡ്യാ റ്റൂർ വന്നുചേർന്നു. കൊഡൈക്കനാൽ, പോണ്ടിച്ചേരി (വിലക്കുറവിൽ മദ്യം സ്റ്റോക്കുചെയ്യാനായി മാത്രം ഞങ്ങൾ സൌത്ത് ഇൻഡ്യാ റ്റൂറിൽ ഉൾപ്പെടുത്തുന്ന സ്ഥലം!) മഡ്രാസ്, മൈസൂർ, ഊട്ടി, ബാംഗളൂർ എന്നിവടങ്ങൾ റ്റ്രെയിനിലും ബസിലുമായി പോകുക എന്ന പരിപാടി. ആദ്യം തന്നെ ക്ലാസിലെ, വിരലിലെണ്ണാവുന്ന, പെൺപടയെ ഒഴിവാക്കി. റ്റൂർ പ്ലാനിങ്ങ് തുടങ്ങിയപ്പോൾ തന്നെ ആന്റോ സഹമുറിയനോട് ഒരു റിക്വസ്റ്റ് വച്ചു

“പ്ലാന്ററേ, ഇത്രയും കഥകൾ നീ പറഞ്ഞുകേൾപ്പിച്ച് എന്നെ ത്രില്ലടിപ്പിച്ചു. എനിക്കീ ജാക്കിപ്പരിപാടിയൊന്ന് നേരിട്ട് കാണണമെന്നുണ്ട്രാ ശവീ. എന്നെ നിന്റെ കൂടെത്തന്നെ കൂട്ടണം!”.

“അതിനാണോ പാട്! നീ എന്റെ കൂടെ തന്നെ നിന്നോ. ശരിക്കും കാണിച്ചു തരാം. വേണമെങ്കിൽ നിനക്ക് ഒന്ന് റ്റ്രൈ ചെയ്യുകയും ആവാം.” എന്നായി പ്ലാന്റർ.

“ഈശോ, അതൊന്നും വേണ്ട. എനിക്കതൊക്കെ ഒന്നടുത്ത് കണ്ടാൽ മാത്രം മതി.” എന്നായി ആന്റോ. (കൂടെക്കൊണ്ടു നടക്കുന്നതിന് പോണ്ടിയിൽ നിന്നും ഒരു പീറ്റർ സ്കോട്ട് വാങ്ങിക്കൊടുക്കണമെന്ന് പ്ലാന്റർ ആവശ്യപ്പെട്ടെന്നും പിശുക്കനായ ആന്റോ അത് ഒരു ഹെർക്കുലീസ് റമ്മിൽ ഒതുക്കിയെന്നും കിംവദന്തി!)

കൊഡൈ, പോണ്ടി എല്ലാം സംഭവരഹിതമായിരുന്നു. പ്ലാന്റർ വരുന്നെന്നറിഞ്ഞ് പെണ്ണുങ്ങളെല്ലാം വീട്ടിൽ തന്നെയിരുന്നതാണൊ എന്നു പോലും ഞങ്ങൾ സംശയിച്ചു. ഏതായാലും പോണ്ടിയിൽ നിന്നു വാങ്ങിക്കൂട്ടിയ മദ്യമെല്ലാം അകത്താക്കി എല്ലാവരും ഏതാണ്ട് നിലാവത്തഴിച്ചുവിട്ട കോഴികളെപ്പോലെ കിറുങ്ങി നടന്നിരുന്നു. ആന്റോയാകട്ടെ ഗുരുവിന് ത്രീ എക്സ് റമ്മും അച്ചാറുമെല്ലാം ആവശ്യത്തിനു പകർന്നു കൊടുത്തുകൊണ്ടേയിരുന്നു! മൈസൂരിൽ എത്തുന്നതു വരെ മൈനർ പ്രയോഗങ്ങൾ മാത്രമേ പ്ലാന്റർക്ക് പറ്റിയുള്ളൂ. ആന്റോയുടെ ക്ഷമയുടെ നെല്ലിപ്പലക തകർന്നു തുടങ്ങിയിരുന്നു.

മൈസൂരിലെ റ്റിപ്പുവിന്റെ ശവകുടീരത്തിനടുത്തുള്ള പാർക്കിങ്ങിൽ അങ്ങിനെ നിൽക്കുമ്പോളതാ രണ്ടുബസ്സ് നിറയെ പെൺകുട്ടികൾ. പ്ലാന്റർ ബസിന്റെ നമ്പർ പ്ലേറ്റും സ്കൂളിന്റെ പേരുമെല്ലാം നോക്കി.
“പാലായിൽ നിന്നാ. ഈ ഹൈസ്കൂൾ എനിക്കറിയാം” എന്നു പറഞ്ഞ് ബസിൽ നിന്നും പെൺകുട്ടികളോടൊപ്പം ഇറങ്ങിവരുന്ന കന്യാസ്ത്രീകളുടെ അടുത്തേയ്ക്ക് നീങ്ങി.

“പ്രെയിസ് ദ ലോർഡ് സിസ്റ്റർ. പാലായിന്നാണോന്നേ? ഞാൻ കാഞ്ഞിരപ്പള്ളി ഇടിഞ്ഞമാട്ടേൽ ദേവസ്യാ സാറിന്റെയും അന്നക്കുട്ടിട്ടീച്ചറിന്റെയും മകനാ.” പിന്നെ അപ്പനും അമ്മയും പഠിപ്പിക്കുന്ന സ്കൂളിന്റെ പേരും പ്ലാന്റർ പറഞ്ഞു.
“അയ്യോ, അന്നക്കുട്ടീടെ മകനാണോ! ഞാൻ നിന്നെ കുഞ്ഞുന്നാളിലേ കണ്ടതാ. ഞാനും അന്നയും ബി എഡിന് ഒരുമിച്ചല്ലായിരുന്നോ? അമ്മച്ചിയെ പ്രത്യേകം ചോദിച്ചതായി പറയണം. എന്റെ കുഞ്ഞേ നിന്നെ കണ്ടത് നന്നായി. ഹൈസ്കൂളിൽ കയറിയപ്പോഴേയ്ക്കും ഇവളുമാർക്കു വലിയ നെഗളിപ്പാന്നെ! ഈ പെമ്പിള്ളേരെ മേയിച്ച് നടക്കാൻ സഹായത്തിന് നീയൊണ്ടല്ലോ. നന്നായി.”

പ്ലാന്റർ, ഉള്ളിൽ ആർത്തട്ടഹസിച്ച്, എന്നാൽ പുറത്ത് ചത്തമത്തിയുടെ നിർവികാരതയുമണിഞ്ഞ്, കന്യാസ്ത്രീയുടെ മുന്നിൽ ‘മെനക്കേടായി’ എന്ന മട്ടിൽ പാതിസമ്മതഭാവമണിഞ്ഞ് (ആക്രാന്തം പാടില്ലല്ലോ) നിന്നു. ആന്റോയെ കാണിക്കാൻ പറ്റിയ അവസരം എന്നു കരുതി പ്ലാന്റർ ആന്റോയെ അന്വേഷിച്ചു. അപ്പോഴാണ് ആന്റോയെ ആരോ നിർബന്ധിച്ച് വെള്ളമടിപ്പിച്ചെന്നും കക്ഷി വാളുവച്ച് ഞങ്ങൾ വന്ന ബസിൽ കിടന്ന് ഉറങ്ങുകയാണെന്നും അറിഞ്ഞത്.

ഈയുള്ളവൻ ആ പഴയ കെട്ടിടത്തിലെ കാഴ്ചകൾ കണ്ട് ഒരു സ്റ്റെയർ കെയ്സ് കയറുമ്പോൾ “അയ്യോ! അയ്യോ! എന്നു പറഞ്ഞ്,പ്രായത്തിൽ കവിഞ്ഞ വളർച്ചയുള്ള, രണ്ടു പെൺകുട്ടികൾ പരുന്ത് തങ്ങളെ റാഞ്ചാൻ വരുന്നതു കണ്ട കോഴിക്കുഞ്ഞുങ്ങളെപ്പോലെ ഓടിപ്പോകുന്നു. കുറച്ചുസമയം കഴിഞ്ഞ്പ്പോഴതാ പ്ലാന്റർ കൈ രണ്ടും പുറകിൽ പിടിച്ച്, കയ്യിൽ നിന്നും വരാൽ വഴുതിപ്പോയ ഊത്തപിടുത്തക്കാരന്റെ മുഖവുമായി, നടന്നുവരുന്നു. “പിള്ളേരെ ഒന്നു വിടടാപ്പനെ” എന്ന എന്റെ വാക്കുകൾ കേൾക്കാത്തമട്ടിൽ പ്ലാന്റർ അടുത്ത ഇരയെ തിരഞ്ഞു നടന്നു!

അന്ന് വൈകുന്നേരത്തെ മദ്യപാനസദസിൽ പകുതി ബോധമുമായി കഥ കേട്ട ആന്റോ
“എന്തൂട്ടു പറയാനാ. എനിക്ക് കാണാൻ യോഗമില്ലാതെ പോയി!” എന്നു വിലപിച്ചു.

“അതു സാരമില്ലെടാ, നാളെ ബാംഗ്ലൂരിൽ വച്ച് ഏതായാലും നിന്നെ കാണിച്ചു തന്നിട്ടേയുള്ളൂ” എന്ന് പ്ലാന്റർ സാന്ത്വനമോതി!

പിറ്റെദിവസം-ന്യൂ ഇയർ ഈവായിരുന്നു. ഞങ്ങൾ ബാംഗ്ലൂർ ബ്രിഗേഡ് റോഡിലെ പബ്ബുകളിൽ ഉച്ചമുതൽ, ധാരാളം ബീയർ അകത്തേയ്ക്കു തള്ളിയും അതിൽ 75% പുറത്തേയ്ക്ക് മുള്ളിയും, സമയം ചിലവാക്കി. സന്ധ്യയോടെ പുറത്തിറങ്ങി. ബ്രിഗേഡ് റോഡ് നിറഞ്ഞുകവിഞ്ഞ് പുതുവത്സരാഘോഷത്തിനെത്തിയ ആളുകൾ. പ്ലാന്ററും ആന്റോയും വേട്ടയ്ക്കിറങ്ങി. ഞങ്ങൾ സുഹൃത്തുക്കൾ അൽ‌പ്പം പുറകിലായിതന്നെയുണ്ട്. ഞങ്ങൾ താമസിക്കുന്ന അതേ ഹോട്ടലിലെ താമസക്കരികളായ ഒരു പറ്റം ഹൈദ്രാബാദുകാരി പോഷ് പെണ്ണുങ്ങൾ അൽ‌പ്പം മുൻപിലായി നീങ്ങുന്നത് അപ്പോഴാണ് പ്ലാന്റർ കണ്ടത്. നിർത്തി തയ്പ്പിച്ചതു പോലെയുള്ള ഡെനിം ജീൻസുധാരിയായ ഒരുവളെ പ്ലാന്റർ ഉന്നം വച്ചു കഴിഞ്ഞു. “ഇതാ ശരിക്കു നോക്കിക്കോ” എന്നു പറഞ്ഞ് ആന്റോയെ വലിച്ച്കൂടെ നിർത്തി. കൂഴച്ചക്കപ്പഴം കയറിട്ട് കെട്ടിയതു പോലെയുള്ള നിതംബം കണ്ട് പ്ലാന്റർ, കപ്പപ്പുഴുക്കും മത്തിയും കണ്ട നൊസ്റ്റാൾജിയക്കാരൻ എൻ. ആർ. ഐ മലയാളിയേപ്പോലെ, ആർത്തി പിടിച്ചു!



പ്ലാന്റർ തന്റെ വലതു കൈകൊണ്ട്, പഴയ ബസ്സുകളിൽ ഡ്രൈവർ പോം പോം ഹോണടിക്കുന്നതു പോലെ, ആ കൂഴച്ചക്കയിൽ രണ്ടു ഞെക്ക്. അതും പോരാഞ്ഞ് കയ്യ് അവിടെത്തന്നെ വച്ച് അടുത്ത ഹോണടിക്കായി “നോക്ക്! നോക്ക്!” എന്നു പറഞ്ഞ് ആന്റോയുടെ ശ്രദ്ധ ഉറപ്പാക്കി. പെട്ടന്നാണതു സംഭവിച്ചത്. ജീൻസുവാലി ഒന്നു തിരിഞ്ഞ്, ഉണ്ണിയാർച്ച ഉറുമി വീശുന്നതു പോലെ, ആ മനോഹരമായ വലം കയ്യ് കറക്കി തന്റെ ഇടതുവശത്തു നിന്നിരുന്ന പ്ലാന്ററുടെ ഇടം കവിളിൽ ആഞ്ഞൊരടി. അപ്രതീക്ഷിതമായ ആക്രമണത്തിൽ പ്രജ്ഞ നശിച്ച പ്ലാന്റർ അവളുടെ കൂടെ യാന്ത്രികമായി നടപ്പ് തുടർന്നു.
“ അടി കിട്ടി! അടി കിട്ടി! പ്ലന്റർക്കിട്ട് അടികിട്ടി!” എന്ന ആന്റോയുടെ കൈകൊട്ടിക്കൊണ്ടുള്ള അനൌൺസ്മെന്റ് കേട്ടാണ് ഞങ്ങൾ ശ്രദ്ധിച്ചത്. പ്ലാന്റർ അടിമേടിച്ചിട്ടും കൂടെ നടക്കുന്നതു കണ്ട് ജീൻസ് വാലി അലറി;
“ഐ സ്ലാപ്പ്ഡ് ദിസ് ബാസ്റ്റാർഡ്! ബട്ട് ഹി ഈസ് സ്റ്റിൽ വാക്കിങ്ങ് വിത്ത് മീ.”
ഇതു കേട്ടപാതി കേൾക്കാത്തപാതി രണ്ട് തടിമാടന്മാർ മുൻപിൽ നിന്നും തിരിഞ്ഞ് “സ്റ്റോപ് ദേർ,യൂ ബാസ്റ്റർഡ്സ്!” എന്നു പറഞ്ഞ് പ്ലാന്ററുടെയും ആന്റോയുടെയും നേരെ തിരിഞ്ഞു! കാര്യം പന്തിയല്ല ഇനിയും അടികിട്ടും എന്നു കണ്ട് പ്ലാന്റർക്ക് ബോധം വീണു. കൂടെ നിന്നാൽ തനിക്കും തല്ലുകിട്ടുമെന്ന് ആന്റോയ്ക്കും തോന്നി. മിന്നൽ വേഗത്തിൽ രണ്ടുപേരും അവിടെ നിന്ന് കുതിച്ചു! തടിമാടന്മാർ രണ്ടും പുറകെയും!

ആന്റോ മുൻപിലും പ്ലാന്റർ പുറകിലുമായി അവർ ശരവേഗത്തിൽ ഓടി. (ആ ഓട്ടം ഒളിമ്പിക്സിൽ ഓടിയിരുന്നെങ്കിൽ നമുക്കു രണ്ടുതവണ “ജനഗണമന..” കേൾക്കാമായിരുന്നു!). തടിമാടന്മാരും വിട്ടില്ല. അവർ പുറകെ ഒന്നാം സ്ഥാനത്തിനു മത്സരിക്കുന്നതു പോലെ തന്നെ ഓടി. ഏതാണ്ട് പത്തു മിനിറ്റോളം കണ്ണിൽ കണ്ട വഴികളിലൂടെയെല്ലം പ്ലാന്ററും ആന്റോയും പാഞ്ഞെങ്കിലും തടിമാടന്മാർ പുറകിൽ നിന്നു മാറിയില്ല.

“എടാ ഞാൻ മടുത്തു. ഇനി ഓടിയാൽ ഞാൻ ചത്തു പോകും!” എന്ന് ആന്റോ ആവലാതിപ്പെട്ടു. പ്ലാന്ററും ഓടി മടുത്തിരുന്നു.

“ആ റെസ്റ്റോറന്റിൽ കയറി ഒളിക്കാം” എന്നായി പ്ലാന്റർ. അങ്ങിനെ അവിടെക്കണ്ട ഒരു ചെറിയ റെസ്റ്റോറന്റിൽ രണ്ടുപേരും ഓടി കയറി. കേറിയ പാടെ ഭാഗ്യത്തിന് ഒരു മലയാളി വെയ്റ്റർ “എന്താ പ്രശ്നം” എന്നു ചോദിച്ചു തടഞ്ഞു.

“ഞങ്ങളുടെ കൂടെയുള്ള പെണ്ണുങ്ങളെ പിടിച്ചത് ചോദ്യം ചെയ്തതിന് രണ്ടു ഗുണ്ടകൾ അടിക്കാൻ വരുന്നു!”ഒട്ടും അമാന്തിക്കാതെ പ്ലാന്റർ മറുപടി നൽകി.

“എങ്കിൽ ആ കക്കൂസിൽ കയറി ഒളിച്ചോ. പ്രശ്നമില്ല ഞാൻ നോക്കാം” എന്നായി സന്മനസ്സുള്ള വെയിറ്റർ.
കേട്ടപാതി കേൾക്കാത്ത പാതി പ്ലാന്ററും ആന്റോയും കക്കൂസിൽ കയറി വാതിലടച്ചു. തടിയന്മാർ വന്നതു പോലുമില്ല. അരമണിക്കൂർ കഴിഞ്ഞ് രണ്ടുപേരും പുറത്തിറങ്ങി, മലയാളി വെയ്റ്റർക്ക് കുറച്ച് റ്റിപ്പും കൊടുത്ത്, പ്രശ്നമൊന്നുമില്ലാതെ ഹോട്ടലിൽ എത്തി!

(നീണ്ട) വാൽക്കഷ്ണം:-
ഓടിയതിന്റെ കലിപ്പിൽ, ദേഷ്യമടക്കാനാവാതെ, ആന്റൊ (ഞങ്ങളുടെ ക്ലാസിലെ പെൺകുട്ടികളോട് അതു വരെ സംസാരിച്ചിട്ടില്ലാത്തവൻ / അറുപിശുക്കൻ ) പിറ്റെദിവസം രാവിലെ ഹോട്ടലിലെ എസ്.റ്റി.ഡി ബൂത്തിൽ നിന്ന് ലേഡീസ് ഹോസ്റ്റലിലേക്ക് വിളിച്ച് പ്ലാന്റർക്ക് അടികിട്ടിയ വിവരം പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു കൊടുത്തു. (കോളേജിൽ തിരിച്ചെത്തിയതിനു ശേഷം പെൺകുട്ടികൾ അമർത്തിപ്പിടിച്ചതും അല്ലാത്തതുമായ ചിരിയോടെയാണ് പ്ലാന്ററെ വരവേറ്റത്!)

പ്ലാന്ററുടെ കല്യാണത്തിനു തലേദിവസം നടത്തിയ ബാച്ചിലർ പാർട്ടിയിൽ ആന്റോ ഒരു രഹസ്യവും കൂടെ പുറത്തു വിട്ടു. ഒളിക്കാൻ കയറിയ കക്കൂസിന്റെ തറയിലേയ്ക്ക്, കിതപ്പും പരവേശവും അടങ്ങിക്കഴിഞ്ഞ്, നോക്കിയപ്പോൾ ചിതറിക്കിടക്കുന്ന മലക്കൂമ്പാരത്തിന്റെ നടുവിലാണ് തങ്ങൾ നിൽക്കുന്നതെന്ന് മനസ്സിലായി. ഇങ്ങനെ തന്നെയിട്ട് ഇറങ്ങിപ്പോയാൽ “ഇവന്മാർ പേടിച്ച് തൂറ്റി നാശമാക്കിയതാണ്” എന്ന് വെയ്റ്ററും മാനേജരും വിചാരിച്ച് കിട്ടാതെ പോയ അടി ഇവിടുന്നു കിട്ടും എന്നു കരുതി പ്ലാന്ററും ആന്റോയും കൂടി ആ മലമെല്ലാം കഴുകി കക്കൂസ് നല്ല വൃത്തിയാക്കിയത്രേ!

“അന്നാണ് ജീവിതത്തിലാദ്യമായി ഞാൻ ഒരു പെണ്ണിന്റെ അടിവാങ്ങുന്നതും അത്രയും വേഗത്തിൽ ഓടുന്നതും ഒരു കക്കൂസ് കഴുകുന്നതും!” പ്ലാന്റർ പറങ്കിമാമ്പഴം വാറ്റിയെടുത്ത ചാരായം ഞങ്ങളുടെ ഗ്ലാസിൽ ഒഴിച്ചുകൊണ്ട് ഓർമ്മകൾ അയവിറക്കി. അപ്പോൾ പ്ലാന്ററുടെ ഇടതു കയ്യ്, അവൻ അറിയാതെ തന്നെ, സ്വന്തം ഇടം കവിൾ തടവുന്നുണ്ടായിരുന്നു!

5 comments:

സുഗ്രീവന്‍ :: SUGREEVAN said...

ഒരു ജാക്കിവീരന്റെ കഥ. വലിയ നർമ്മം ഒന്നുമില്ലെങ്കിലും ഞങ്ങൾ എല്ലാ കൂടലുകളിലും അയവിറക്കാറുള്ള സംഭവം!

അഭി said...

ജാക്കി വീരന്റെ കഥ കലക്കിട്ടോ

Anonymous said...

എന്താ രസം ആ കൂഴച്ചക്കപ്പഴം കാണാന്‍! പ്ലാന്ററെ കുറ്റം പറയാന്‍ പറ്റില്ല.

ഓഫ്-ചേട്ടന്റെ എല്ലാ കഥയിലും മലം ഒരു അവിഭാജ്യഘടകമാണല്ലോ?

അരുണ്‍ കരിമുട്ടം said...

കഥ വായിച്ചു.പിന്നെ ഇടുങ്ങിയ ടെംപ്ലേറ്റും ചെറിയ ഫോണ്ടും കഥക്കൊരു വലിയ വലിപ്പം നല്‍കി ട്ടോ

സുഗ്രീവന്‍ :: SUGREEVAN said...

അഭീ, അനോണീ, അരുണീ.... വന്നതിനു നന്ദി!

അരുണേ ദേ റ്റെമ്പ്ലേറ്റ് മാറ്റിയിട്ടുണ്ട്.
:-)

Followers

About Me

മലയടിവാരം, കേരളം, India
മലകളും, മരങ്ങളും, മദ്യവും, മഴക്കാലവും, മലയാളവും, മഴയും, മാക്രിയും, മീനും, മൃഗയയും ഒക്കെ ഇഷ്ടപ്പെടുന്ന ഒരു മലമൂടന്‍ മലയാളി. ഗുണ്ടായിസം, ഭീഷണി, കുത്തിത്തിരുപ്പ്, തവള പിടുത്തം, മീന്‍ പിടുത്തം, നായാട്ട്, പാചകം, ചീട്ടുകളി എന്നിവ മുഖ്യ വിനോദങ്ങള്‍.