ഒരു താന്തോന്നി ബ്ലോഗ്!

Wednesday, November 11, 2009

ഹോസ്റ്റല്‍ പുരാണം.1

ദിസ്കൈമള്‍: ഈ പോസ്റ്റിന്റെ ചിലഭാഗത്ത് നമുക്കെല്ലാവര്‍ക്കും സുപരിചിതമായ ‘മലം’ എന്ന വാക്കിന്റെ പര്യായം (അതേ, തന്നെ! അതു തന്നെ, ഭൂലോകകവികളൊക്കെ ഇടക്കാലത്ത് സ്ഥിരം ഉപയോഗിക്കുന്ന ആ പര്യായം) കണ്ടേക്കാം. അതു കാണാന്‍ താല്പര്യമില്ലാത്തവര്‍ ദയവായി വിട തരിക! :(

ഡിഗ്രിപഠനക്കാലത്താണ് ആദ്യമായി ഹോസ്റ്റലില്‍ നിന്ന് പഠിക്കാനുള്ള അവസരം കിട്ടുന്നത്. ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു അത് എന്ന് സംശയമില്ലാതെ പറയാം. ഒരു സംഘം നല്ലകൂട്ടുകാര്‍. പഠിക്കുന്നതോ, പഠിക്കാതെ തന്നെ ജയിക്കാവുന്ന വിഷയവും! പോരാത്തതിന് വീട്ടുകാരെ പറ്റിച്ച് കാശുതരപ്പെടുത്തി, ചീട്ടുകളി, മദ്യപാനം, പുകവലി, സിനിമ, “പക്ഷിനിരീക്ഷണം” എക്സിറ്റ്രാ. അതു കൂടാതെ ഫുട്ബോള്‍, ക്രിക്കറ്റ്, ഹോക്കി, ബാസ്കറ്റ്ബോള്‍ എന്നീ ഗെയിംസും എല്ലാം അങ്ങനെ ആസ്വദിച്ചുള്ള ആ ജീവിതം ഇനി ഡ്യൂട്ടി ഫ്രീ ലോട്ടറി അടിച്ച് മില്ലിയണയര്‍ ആയാല്‍ പോലും (ഒവ്വ! നടക്കും!) വാങ്ങാന്‍ പറ്റില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സങ്കടം!

ഹോസ്റ്റലിലെ റ്റോയ്ലറ്റ്/ബാത് റൂം വിങ്ങിന്റെ തൊട്ടടുത്ത റൂമായിരുന്നു ഞങ്ങളുടേത്. അനധികൃത താമസക്കാരുള്‍പ്പെടെ ഏഴെട്ട് പേര്‍ സ്ഥിരം ഉണ്ടുറങ്ങി ജീവിച്ചിരുന്ന റൂം. വാര്‍ഡന്റെ അംഗീകാരമുള്ള 4 പേരാണ് ശരിക്കുള്ള അന്തേവാസികള്‍. ഞങ്ങളേക്കൂടാതെ, ഹോസ്റ്റലില്‍ റൂം കിട്ടാത്തവരും, താമസിച്ചിരുന്ന സ്ഥലത്ത് വാടക കൊടുക്കാതെ പുറത്താക്കപ്പെട്ടവരും, കോളേജില്‍ നിന്നും അല്‍പ്പം അകലെ താമസിക്കുന്ന ഡേ സ്കോളേര്‍സും, വെള്ളമടി, സെക്കന്ഡ് ഷോ എന്നിവ കഴിഞ്ഞ് വീട്ടില്‍ കയറാന്‍ പറ്റാത്ത അവസ്ഥയില്‍ വരുന്നവരുമൊക്കെയായ സുഹൃത്തുക്കള്‍ക്ക് കയറിക്കിടക്കാവുന്ന ഒരു സത്രമായിരുന്നു ഞങ്ങളുടെ റൂം. അങ്ങിനെ വരുന്ന അതിഥികള്‍ക്ക് വളരെ തുച്ഛമായ നിരക്കില്‍ കീച്ച്, ഫ്ലാഷ്, ഗുണ്ട്, റമ്മി, ഗുലാന്‍പരിശ്, മദ്യപാനം എന്നിവയില്‍ പങ്ക്ചേരാന്‍ പറ്റിയിരുന്നു എന്നതായിരുന്നു ഏറ്റവും വലിയ നേട്ടം.

ഇത്രയും അന്തേവാസികളുളതിനാല്‍ ഷര്‍ട്ട്, ജീന്‍സ്, ഷൂ തുടങ്ങിയവയുടെ ഒരു വന്‍ കളക്ഷന്‍ റൂമിലുണ്ടായിരുന്നു. ഷര്‍ട്ടും ജീന്‍സും മൂന്നു തവണ ഇട്ടാല്‍ അലക്കണം എന്നായിരുന്നു അലിഖിത നിയമം. നല്ല സ്റ്റൈലന്‍ ഷര്‍ട്ടിനും ജീന്‍സിനും ഭയങ്കര ഡിമാന്‍ഡായിരുന്നു, പ്രത്യേകിച്ചും കാതല്‍മന്നന്മാരുടെ ഇടയില്‍. ഫസ്റ്റ്, സെക്കന്‍ഡ്, തേര്‍ഡ് അങ്ങനെ മൂന്നു ബുക്കിങ്ങ് വരെ ഈ കുപ്പായങ്ങള്‍ക്ക് കിട്ടിയിരുന്നു (തിങ്കളാഴ്ച ഫസ്റ്റ് ബുക്കിങ്ങ്കാരനെങ്കില്‍ ചൊവ്വാഴ്ച സെക്കന്റിന് അങ്ങനെ!) തേര്‍ഡ് ബുക്കിങ്ങും കഴിഞ്ഞ് നാലാം ദിവസവും അതു തന്നെ ഇട്ടുകൊണ്ടുപോകുന്ന് മടിയന്മാരായിരുന്നു അധികവും! (ഏറ്റവും നല്ല കുപ്പായത്തില്‍ രാത്രിയില്‍ തന്നെ ഫസ്റ്റ് ബുക്കിങ്ങ് സ്റ്റിക്കറോട്ടിച്ച് ഉറപ്പാക്കുന്ന പാര്‍ട്ടികളും കൂടെയുണ്ടായിരുന്നു!)

ബാത് റൂം വിങ്ങിനടുത്തായിരുന്നതിനാല്‍ ഞങ്ങളുടെ റൂമില്‍ സോപ്പിനും റ്റവലിനും സിഗരറ്റിനും നല്ല ചിലവായിരുന്നു. വെറുതെ വന്ന് വാചകമടിച്ചിരിക്കുന്നവനും, ഓസിനു സിഗരറ്റും വലിച്ച്, സ്റ്റിമുലേറ്റഡായി അപ്പിയാപ്പീസിലും പോയി, പുത്തന്‍സോപ്പ് ബ്ലേഡ്‍പരുവത്തിലാക്കുന്ന കുളിയും കുളിച്ച്, ഞങ്ങളുടെ റ്റവലും ഉപയോഗിച്ചതിനു ശേഷം അലക്കാതെ കൊണ്ടുവന്ന് സ്ഥാപിച്ച് കടന്നു കളയുമായിരുന്നു!

ഞങ്ങളുടെ സഹമുറിയന്‍ കട്ടപ്പനക്കാരന്‍ ജോര്‍ജജായിരുന്നു റ്റവല്‍ സപ്ലേയില്‍ വിശാലമനസ്കന്‍. അവന് പണ്ടുമുതലേ റ്റവല്‍ കഴുകുന്ന ശീലമില്ല. കഴുകാതെ ഒരു പരുവമായിരുന്ന ടവല്‍ ഈ ഓസുകാരുടെ ഉപയോഗവും കൂടെ കഴിഞ്ഞപ്പോള്‍ “പണ്ടേ ദുര്‍ബ്ബല, ഇപ്പോള്‍ ഗര്‍ഭിണീം” എന്നു പറഞ്ഞതു പോലായി! കഴുകാതെ ഉപയോഗിച്ച് സ്റ്റിഫായിപ്പോയ ആ റ്റവല്‍ ഭിത്തിയില്‍ ചാരി വരെ വയ്ക്കാമായിരുന്നു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ആവില്ല! വല്ല വയസ്സന്മാരും കണ്ടാല്‍ വാക്കിങ് സ്റ്റിക്കിനായി കൊണ്ടുപോയേനെ!

‘പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങുകയില്ല’എന്ന മട്ടായിരുന്നു ജോര്‍ജ്ജ്. കുളമെത്ര കുണ്ടികണ്ടിരിക്കുന്നു എന്ന മട്ടിലുള്ള ആ സ്ഥിരം നിസ്സാരച്ചിരി ചിരിച്ച്, ലോതറും ഹോജോയും ഒത്തുചേര്‍ന്നപോലുള്ള രൂപമുള്ള, ജോര്‍ജ്ജ് ഒരിക്കല്‍ പറഞ്ഞു;
“ ഇതൊന്നും ഒന്നുമല്ലടാ. എന്റെ വല്യപ്പച്ചന്‍ തേക്കുന്തല തൊമ്മച്ചനുപയോഗിക്കുന്ന തോര്‍ത്ത് നീയൊന്നും കണ്ടിട്ടില്ല! അതോണ്ടാ.”

സ്ഥിരം വെറ്റില മുറുക്കുന്ന വല്യപ്പച്ചന്‍ ഒരു ദിവസം അത്താഴക്കഞ്ഞി കുടിക്കുന്നിടത്തുനിന്നും ജോര്‍ജിനെ വിളിച്ചെഴുന്നേല്‍പ്പിച്ചു പറഞ്ഞു പോലും

“എടാ ചെറുക്കാ ഈ പൊകല ഒന്നു മുറിച്ച് തന്നെ, ഞാന്‍ പിടിച്ചിട്ട് മുറിയുന്നില്ല!”
അങ്ങനെ കയ്യിലിരുന്ന പുകയില (കറുത്തു നീണ്ട രൂപത്തിലുള്ള) ജോര്‍ജിനെ ഏല്‍പ്പിച്ചു. ജോര്‍ജ്ജ് രണ്ടുമൂന്നു തവണപിടിച്ചിട്ടും പുകയില ങേ ഹെ. ചുമ്മാ നടക്കുമ്പോഴും ശ്വാസം പിടിച്ച്, കക്ഷത്തില്‍ പരു വന്നതു പോലെ നടക്കുന്ന ജോര്‍ജ്ജ് ഒന്നു കൂടെ എയര്‍ പിടിച്ച് ശ്രമിച്ചു! കിം ഫലം!
“ എതെന്നാ സാധനമാ വല്യപ്പച്ചാ? ഇതെവിടുന്നാന്നെ വാങ്ങിയെ?” എന്നു ചോദിച്ച് ജോര്‍ജ്ജ് റ്റ്യൂബ് ലൈറ്റിന്റെ കീഴില്‍ വന്ന് പുകയിലയിലേയ്ക്ക് ശരിക്ക് നോക്കിയതും ഞെട്ടിയതും ഒരുമിച്ചായിരുന്നു!
അതു പാമ്പ് അല്ലായിരുന്നു. പുകയിലയും അല്ലായിരുന്നു. വല്യപ്പച്ചന്റെ ചുരുണ്ട് ഉണങ്ങി കരിമ്പനടിച്ച് കറുത്തു പോയ ഒരു കോണകമായിരുന്നു. ‍ ഊത്തപിടിക്കാനും കുരുമുളകു പറിക്കാനും ഏലത്തോട്ടത്തില്‍ അടിക്കാടുവെട്ടാനുമെല്ലാം വെല്യപ്പന്‍ സ്ഥിരമായി ഉപയോഗിക്കുന്ന യൂണിഫോം, കോണകമായിരുന്നു അത്! മുറുക്കാന്‍ ചെല്ലത്തിനടുത്താരോ കൊണ്ടെ വച്ചതായിരുന്നു!

“നായാട്ടുകാരന്റെ പട്ടിയെയാ നീയൊക്കെ തുകിലിന്റെ ഒച്ച കേള്‍പ്പിച്ച് പേടിപ്പിക്കുന്നെ? ഒന്നു പോടാ!” എന്നാണ് തന്റെ റ്റവലിനെക്കുറിച്ച് പരാതിപറയുന്നവനോട് ജോര്‍ജ്ജ് പറയാറുള്ളത്.

ജോര്‍ജ്ജാണ് നമ്മുടെ കഥയിലെ നായകന്‍ (അതോ വില്ലനോ എന്ന് നിങ്ങള്‍ തീരുമാനിക്കുക). റാംജിറാവു സ്പീക്കിങ്ങിലെ കക്കൂസുപോലെ തന്നെയായിരുന്നു ഹോസ്റ്റലിലെ കക്കൂസും. പൂട്ടോ കൊളുത്തോ ഒന്നുമില്ല! (വാതില്‍ അടച്ചാലും ഇടയ്ക്ക് 1-2 ഇഞ്ച് ഗ്യാപ്പുമുണ്ട്).ഉപയോഗിക്കുന്നവന്‍ ഒന്നില്ലെങ്കില്‍ പാട്ടുപാടണം അല്ലെങ്കില്‍ ഉടുമുണ്ട് ഡോറിലിട്ട് “അകത്ത് ആളുണ്ട്” എന്നറിയിക്കണം. അല്ലെങ്കില്‍ അതികലശലായ മൂത്രശങ്കയുമായി വരുന്നവന്റെ തീര്‍ത്ഥം ചിലപ്പോള്‍ മുഖത്തോ ദേഹത്തോ വീണേക്കാം. മുണ്ടടയാളമോ പാട്ടടയാളമോ ഇല്ലെങ്കില്‍ കുറ്റീം കൊളുത്തുമില്ലാത്ത വാതില്‍ വലിച്ച് തുറന്ന് ആളുകള്‍ മൂത്രശങ്ക നീട്ടിത്തകര്‍ക്കുന്നത് ഞെട്ടി വാ പൊളിച്ചിരിക്കുന്നവന്‍ കൊണ്ടുംകണ്ടുമറിയും!

അക്കാലത്ത് വേറൊരു പരിപാടികൂടെ ചിലര്‍ തുടങ്ങി. അടയാളമായി ഇടുന്ന ലുങ്കി എടുത്തുകൊണ്ട് പോകുക. ഒരുമാതിരി 75% പേര്‍ക്കും ബര്‍ത്ത് ഡേ സ്യൂട്ടില്‍ ഹോസ്റ്റലില്‍ നടക്കാനായിരുന്നു ഇഷ്ടമെന്നതിനാല്‍ അധികം പേരെ ഈ ആക്രമണം ബാധിച്ചിരുന്നില്ല. ഘടാഘടിയനായ, ആട്ടുമ്മുട്ടന്റെ രൂപമുള്ള ജോര്‍ജ്ജ് ഇക്കാര്യത്തില്‍ മാത്രം ഒരു മാടപ്രാവിന്റെ പ്രകൃതക്കാരനായിരുന്നു. എത്ര റൌഡിത്തരം കാട്ടിയാലും ദിഗംബരനായി ഹോസ്റ്റലില്‍ നടക്കുകയില്ല! തന്റെ മുണ്ട് ആരും എടുത്തുകൊണ്ടു പോകാതിരിക്കാനായി വാതിലിലിട്ടിരിക്കുന്ന മുണ്ടിന്റെ മറ്റെ അറ്റം കൈകൊണ്ട് എപ്പോഴും മുറുകെ പിടിച്ചിരുന്നു! മിനിമം അരമണിക്കൂറെങ്കിലും എടുക്കുമായിരുന്നു ജോര്‍ജ്ജിന്റെ അപ്പിയാപ്പീസ് വിസിറ്റ്.


റ്റോബിയായിരുന്നു മുണ്ട് അടിച്ചുമാറ്റുന്നതില്‍ ചാമ്പ്യന്‍. അടിച്ച്മാറ്റിയ മുണ്ടുമായി നില്‍ക്കുന്ന റ്റോബിയുടെ മുഖത്തെ ആ ചാരിതാര്‍ത്ഥ്യം പോലൊന്ന് പിന്നീട് ഞാന്‍ കണ്ടിട്ടുള്ളത്, ഓസ്കാര്‍ അവാര്‍ഡ് കിട്ടിയപ്പോള്‍, പൂക്കുട്ടിയുടെ മുഖത്താണ്. ജോര്‍ജ്ജിന്റെ മുണ്ട് മാത്രമായിരുന്നു റ്റോബിക്ക് എടുക്കാന്‍ പറ്റാഞ്ഞത്.

ഞങ്ങളുടെ റൂമില്‍ അന്ന് റ്റോബി വന്ന് ഒരു സിഗരറ്റും പുകച്ചിരുന്ന്, ജോര്‍ജ്ജിനെ അന്വേഷിച്ചു. അപ്പിയാപ്പീസിലാണെന്നറിഞ്ഞപ്പോള്‍ “ഇന്നേതായാലും ജോര്‍ജ്ജിന്റെ മുണ്ട് അടിച്ച്മാറ്റിയിട്ടു തന്നെ; മൂന്നുതരം” എന്നു പറഞ്ഞു റ്റോബി വായില്‍ തടഞ്ഞ സിഗരറ്റിന്റെ ചുക്ക തുപ്പിത്തെറുപ്പിച്ചുകൊണ്ട് എഴുന്നേറ്റു. പിന്നെ തന്റെ ശിങ്കിടികളെയും കൂട്ടി ബാത് റൂം വിങ്ങിലേക്ക് പതുക്കെ നടന്നു. മാര്‍ജ്ജാരപാദങ്ങളോടെ ഒച്ചയുണ്ടാക്കാതെ റ്റോബി ജോര്‍ജ്ജിന്റെ ലുങ്കി കിടക്കുന്നവാതിലുനു നേരെ മുന്‍പില്‍ ചെന്ന് (സൈഡില്‍ നിന്നാല്‍ ഗ്യാപ്പിലൂടെ ജോര്‍ജ്ജിന് ആളെ കാണാം. കണ്ടാല്‍ ഗതി അധോഗതി! ജയന്റെ മുന്നില്‍ പെട്ട ബാലന്‍ കെ നായരെപ്പോലെയാകും!) ലുങ്കിയുടെ അറ്റത്ത് പിടിച്ച് ഒറ്റവലി! കിട്ടിയില്ല! അകത്തുനിന്നു ജോര്‍ജ്ജ് തെറി തുടങ്ങി. ഏതു മൈ*# %$%യാടാ! എന്നു തുടങ്ങി നിയാണ്ടര്‍ താള്‍ മനുഷ്യന്‍ വരെ മണ്ണിനടിയില്‍ നിന്നെഴുന്നേറ്റ് വന്ന് ചെവിപൊത്തി നില്‍ക്കുന്ന തെറിയഭിഷേകം. റ്റോബി അല്‍പ്പനേരം കാത്തുനിന്നു. ബഹളമടങ്ങിയപ്പോള്‍ റ്റോബി ഒന്നുകൂടെ ശ്രമിച്ചു. ജോര്‍ജ്ജ് പിടി ഒന്നു കൂടെ മുറുക്കിയിരുന്നതിനാല്‍ ഇത്തവണയും മുണ്ട് കിട്ടിയില്ല. റ്റോബി ഒളിച്ചു, ജോര്‍ജ്ജ് തെറിയുടെ ഡോസ് അരക്കട്ട കേറ്റിപ്പിടിച്ചു. റ്റോബിക്ക് വാശിയായി. തെറികേട്ട് ആസ്വാദകരും പ്രേക്ഷകരും കൂടി. റ്റോബി മൂന്നാമതും വാതിലിനരികിലേക്ക് നീങ്ങി. ജോര്‍ജ്ജിന്റെ മുണ്ട് വാതിലിനു മുകളിലൂടെ അല്‍പ്പം കൂടി പിടിക്കവുന്ന രീതിയില്‍ താഴ്ന്നു. റ്റോബി സൈഡിലൂടെ ഒന്നു പാളിനോക്കി. പിന്നെ ഏറുകൊണ്ട പട്ടിയെപ്പോലെ അവിടെനിന്നും പാഞ്ഞു. ആരാധകരും പ്രേക്ഷകരും പുറകെ!

റൂമില്‍ വന്നിരുന്നു കിതയ്ക്കുന്ന റ്റോബിയോട് “എന്താ? എന്തു പറ്റി?” എന്ന് പ്രേക്ഷകരും ആരാധകരും.കിതപ്പടക്കി, ഒരു ഗ്ലാസ് വെള്ളമെടുത്ത് കുടിച്ചുകൊണ്ട് റ്റോബി പറഞ്ഞു

“ഞാന്‍ ലുങ്കി വീണ്ടും താഴോട്ട് വരുന്നതു കണ്ട് സംശയിച്ച് വാതിലിനു വിടവിലൂടെ നോക്കിയപ്പോള്‍ ജോര്‍ജ്ജ് ലുങ്കിയില്‍ നിന്നും പിടിയൊക്കെ വിട്ട്, വലതു കയ്യില്‍ തീട്ടവും വാരിപ്പിടിച്ച്, എറിയാന്‍ തയ്യാറായി നില്‍ക്കുന്നു. ലുങ്കിയില്‍ ഞാന്‍ പിടിച്ചാല്‍ അപ്പോള്‍ തന്നെ വാതില്‍ തുറന്ന് ഏറ് വന്നേനെ!
ഭാഗ്യം! മലാഭിഷേകത്തില്‍ നിന്ന് രക്ഷപ്പെട്ടു!”

അതിനു ശേഷം ആ ഹോസ്റ്റലില്‍ അന്തേവാസികള്‍ റ്റെന്‍ഷനില്ലാതെ ആ കൃത്യം നിര്‍വ്വഹിച്ചുപോന്നു!

10 comments:

സുഗ്രീവന്‍ :: SUGREEVAN said...

ഇനി അല്പം ഹോസ്റ്റല്‍ പുരാണം.ഇടയ്ക്ക് കാട്കയറി ലേശം നീളം കൂടിപ്പോയി!

mujeeb kaindar said...

ജോർജ്ജായ നമ:




അല്ലെങ്കിൽ എല്ലാവരും ദിഗംബര സന്ന്യാസികളായി കഴിയേണ്ടി വന്നെനെ

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ഹാ ഹാ ഹാ
മലമേറ്പുരാണം
ചിരിച്ചു.

ശ്രീ said...

ഹെന്റമ്മോ! ജോര്‍ജ്ജ് ആളൊരു ജഗജില്ലി തന്നെ.

ഉപാസന || Upasana said...

എന്നാലും ജോര്‍ജ്ജ് വാരീയെന്ന് വിശ്വസിക്കാമ്പറ്റണില്ല
:-)

സുഗ്രീവന്‍ :: SUGREEVAN said...

മുജീബ്,
തന്നെ തന്നെ! ജോര്‍ജ്ജായ നമ:

പൂങ്കാവനം ജോണ്‍ (ശിമിട്ടന്‍ പേര്),
ചിരിച്ചോ? എങ്കില്‍ വളരെ സന്തോഷം.


ശ്രി,
അതെ, ജോര്‍ജ്ജൊരു ജഗജില്ലി തന്നെ(ദിഗംബരനാകുന്ന കാര്യത്തിലൊഴിച്ച്!)ആയിരുന്നു.

ഉപാസനേ,
ല്ലെ, ല്ലിതാണ് തോനെ തെണ്ണം വരുത്തുന്നത്! ചങ്കെടുത്തു കാണിക്കുമ്പോള്‍ ഇത് ചെമ്പരത്തിപ്പൂ പോലുമല്ലെന്ന് തോന്നുന്നു എന്നു സംശയിക്കുന്നത്! (സംഭവം 100% സത്യം തന്നെ! ഇനി വിശ്വസിച്ചോളൂ)ഞാനൊരു അറ്റ്ലസ് ജൂവലറി അല്ലേ?
:-)

Jabbus said...

"MALANKADA"YANALLE?

സുഗ്രീവന്‍ :: SUGREEVAN said...

അതെ ജാബൂസേ, ഞാനൊരു മലമൂട്ടില്‍ നിന്നാണ്. അതിനാലായിരിക്കും എഴുതുന്നത് ‘മലങ്കഥ’യായിപ്പോകുന്നത്!
:)

Anonymous said...

onde parayanonde. nalla katha ketto. chirichu chirichu enikku vayya. athum poranjittu onnu randu perkku njan ee katha vayikkan refer cheythu.

ithile pala vachakangalum valareyadhikam chirippikkunnavayayirunnu.

thankalkku bhavukangal nerunnu

സുഗ്രീവന്‍ :: SUGREEVAN said...

അനോണീ...പുകഴ്ത്തലിനും ഭാവുകങ്ങള്‍ക്കും പരസ്യത്തിനുമെല്ലാം എങ്ങിനെ ഞാന്‍ നന്ദി അറിയിക്കും?
(ആനന്ദതുന്ദിലനായ ഞാന്‍ ആനന്ദാശ്രുക്കള്‍ തുടച്ചുനീക്കി, മൂക്കും ചീറ്റുന്നു....(എനിക്കു സന്തോഷം വന്നാല്‍ കണ്ണും മൂക്കും നിറയും!)

വളരെ സന്തോഷമായി!
:-))

Followers

About Me

മലയടിവാരം, കേരളം, India
മലകളും, മരങ്ങളും, മദ്യവും, മഴക്കാലവും, മലയാളവും, മഴയും, മാക്രിയും, മീനും, മൃഗയയും ഒക്കെ ഇഷ്ടപ്പെടുന്ന ഒരു മലമൂടന്‍ മലയാളി. ഗുണ്ടായിസം, ഭീഷണി, കുത്തിത്തിരുപ്പ്, തവള പിടുത്തം, മീന്‍ പിടുത്തം, നായാട്ട്, പാചകം, ചീട്ടുകളി എന്നിവ മുഖ്യ വിനോദങ്ങള്‍.