ഫസ്റ്റ് ഇയര്‍ ഹോസ്റ്റലിലെ പ്രധാന ചീട്ടുകളിക്കാരന്‍, (വിരസമായ കക്കൂസ് സമയം സരസമാക്കാനായി) എല്ലാ കക്കൂസ് ഭിത്തികളിലും ഫസ്റ്റ് ഇയര്‍ ബ്യൂട്ടി ക്വീനായ സരയൂ മേനോന്റെ പടം വരച്ചിട്ട ആര്‍ട്ടിസ്റ്റ്, നല്ലൊരു ഫുട്ബോള്‍ പ്ലേയര്‍, ഗായകന്‍ (തെറിപ്പാട്ടു ഫെയിം) എന്നിങ്ങനെ സോളമന്‍ ചുരുങ്ങിയ സമയം കൊണ്ട് ഹോസ്റ്റലില്‍ പേരെടുത്തു. (ഫസ്റ്റ് ഇയര്‍ ഫിറ്റിങ് വര്‍ക്ക് ഷോപ്പിലെ യൂണിവേഴ്സല്‍ സര്‍ഫസ് ഗേജിന്റെ സര്‍ഫസ് പ്ലേറ്റില്‍ ഡിവൈഡര്‍ കൊണ്ട് സരയുവിന്റെ പടം വരച്ച് സസ്പെന്‍ഷന്റെ വക്കില്‍ വരെ എത്തിയതും കക്ഷിയുടെ തൊപ്പിയിലെ പല തൂവലുകളില്‍ ഒന്നാണ്.)
ഇതിനെല്ലാമുപരി റാഗിങ്ങ് സമയത്ത് സീനിയേഴ്സിന്റെ ഇടയിലും സോളമന്‍ പ്രശസ്തനായി. സീനിയേഴ്സിന്റെ, (അവരുടെ) ഹോസ്റ്റലില്‍ കൊണ്ടുപോയുള്ള റാഗിങ്ങില്‍ മറ്റുള്ള കുട്ടികള്‍ പേടിച്ചരണ്ടിരുന്നപ്പോള്‍ സോളമന്‍ വളരെ കൂളായിരുന്നു. സീനിയേഴ്സ് സോളമനോട് ഷര്‍ട്ടൂരാന്‍ പറയുമ്പോള്‍ ഉടനടി തന്നെ ഷര്‍ട്ടും പാന്റും ജട്ടിയുമൂരിയെറിഞ്ഞ്, മൈക്കലാന്‍ഞ്ചലോയുടെ ദാവീദ്‍ റ്റാറില്‍ വീണതു പോലെ, പിറന്ന പടി നില്‍ക്കുന്ന സോളമന്റെ സ്പീഡും, ഊരിക്കഴിഞ്ഞുകണ്ടതും ((:0 ദാവീദ് അക്കാര്യത്തില്‍ സോളമന്റെ ചെരുപ്പിന്റെ ചരടഴിക്കാന്‍ പോലും യോഗ്യനല്ല എന്ന് ദൃക്‌സാക്ഷികള്‍!) കണ്ട് സീനിയേഴ്സ് ഞെട്ടിപ്പോയിരുന്നു! എസ് ബി കോളേജില്‍ വച്ച് പ്രീ ഡിഗ്രീകാലത്ത് തന്നെ റാഗിങ്ങില്‍ സോളമന്‍ കൊണ്ടും കൊടുത്തും പി എച്ച് ഡി നേടിയ കാര്യമുണ്ടോ ആ സീനിയേഴ്സ് അറിയുന്നു? റാഗിങ്ങിനിടയില്‍ തെറിവിളിച്ച്, തന്നെ മാനസികമായി പീഢിപ്പിച്ച സീനിയേഴ്സിന്, ഫുട്ബോള്‍ ഗ്രൌണ്ടില്‍ വച്ച് കളിക്കിടയില്‍, ശാരീരികമായി പീഢിപ്പിച്ച് പ്രതിഫലം കൊടുക്കുന്നതും അദ്ദേഹത്തിന്റെ പല ഹോബികളില്‍ ഒന്നായിരുന്നു!
ഫസ്റ്റ് ഇയര്‍ ഹോസ്റ്റലിനു പുറകിലുള്ള തെങ്ങില്‍ നിന്ന് തേങ്ങ എറിഞ്ഞിടുന്നതും ലേഡീസ് ഹോസ്റ്റലിനു സമീപമുള്ള തെങ്ങുകളില്‍ ഓടിക്കയറുന്നതും, വീഴ്ത്തുന്ന തേങ്ങകള്‍ കടിച്ച് പൊളിക്കുന്നതുമായ ഹോബികള്‍ സോളമന് റ്റാര്‍സന്‍ എന്ന ഇരട്ടപ്പേരും നേടിക്കൊടുത്തു. നേരിട്ട് ആരും വിളിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ലെങ്കിലും റ്റാര്‍സന്‍ എന്ന പേര് പരസ്യമായ ഒരു രഹസ്യമായിരുന്നു. ഫൈനല്‍ ഇയറില്‍ കരിക്കിന്‍ വെള്ളത്തില്‍ ചാരായമൊഴിച്ചുകുടിക്കുന്നതില്‍ ആകൃഷ്ടരായ ഞങ്ങളുടെ ഗാങ്ങിന് കരിക്ക്പറിക്കാന്‍ തെങ്ങില്‍ പാഞ്ഞുകയറി കാമ്പസ് തേങ്ങാ കോണ്ട്രാക്റ്റില്‍ പിടിച്ചവര്‍ വച്ച ബ്ലേഡ് കൊണ്ട് കാലുപിളര്‍ന്നപ്പോളും, കാക്ക തേങ്ങാപ്പൂളുകൊണ്ടുപോകുന്നതു പോലെ, വെളുക്കെ ചിരിച്ചുകൊണ്ടു നിന്ന സോളമനെ ഞങ്ങള്‍ എങ്ങനെ മറക്കും? കാര്‍വര്‍ണ്ണനെന്നു ഞങ്ങള്‍ സുഹൃത്തുക്കള്‍ പരസ്യമായും (റ്റാര്‍വണ്ണന്‍ എന്നു ശത്രുക്കള്‍ രഹസ്യമായും) സോളമനെ വിളിച്ചിരുന്നു.
ഫസ്റ്റ് ഇയര്‍ മുതല്‍ എല്ലാവര്‍ഷവും മുടങ്ങാതെ സോളമന്‍ നടത്തിയിരുന്ന ഒരു കാര്യമാണ് വിഷുക്കണി കാണിക്കല്‍! അതെ അതു തന്നെ! മീശമാധവനില്‍ ദിലീപും, ഹരിശ്രീ അശോകനും, കൂട്ടുകാരും കാണിച്ചിരുന്ന അതേ സ്റ്റൈല്‍! ബട്ട്, “ബട്ടി”നുപകരം മുന്‍ഭാഗമായിരുന്നു എന്ന വ്യത്യാസം മാത്രം! ഹോസ്റ്റലിന്റെ പാരപ്പെറ്റിലൂടെ വിഷുദിവസം (ദോഷം പറയരുതല്ലോ, അന്നു തന്നെയാ/മാത്രമാ വണമെന്ന് സോളമന് ഒരു പിടിവാശിയുമില്ല!) ബര്‍ത്ഡേ സ്യൂട്ടില്‍ പതുങ്ങി നീങ്ങുന്ന സോളമന്‍ 12 മണിക്കു ശേഷവും ഇരുന്നു പഠിക്കുന്ന കട്ടിഗ്ലാസ് പഠിപ്പിസ്റ്റ് അപ്പാവികളുടെ ജനലിനു മുന്‍പില്‍ എഴുന്നേറ്റുനിന്ന് റ്റോര്‍ച്ച് ലൈറ്റ് സ്പോട്ട് ലൈറ്റാക്കി ‘ഭീകരകണി’ കാണിക്കുന്നതില്‍ വിദഗ്ദ്ധനായിരുന്നു. കണികണ്ട് കസേരയുമായി പുറകോട്ട് മറിഞ്ഞ് പനിച്ച് കിടന്നവരില്‍ പലരും ഇപ്പോള്‍ പല പ്രമുഖകമ്പനികളുടെയും പ്രധാന കസേരകള്‍ അലങ്കരിക്കുന്നുണ്ട്! (ഞങ്ങള്‍ കോളേജു വിട്ടുകഴിഞ്ഞ് അഞ്ചു വര്‍ഷത്തിനു ശേഷം നടത്തിയ ഒരു ഗെറ്റുഗതറില്‍ അടിച്ചുപാമ്പായ സോളമന്‍, പണ്ട് ഒരു യൂണിവേഴ്സിറ്റി പരീക്ഷാ സീസണില്‍ രാത്രി പന്ത്രണ്ടുമണിക്ക്, കോളേജില്‍ നിന്നും കുറെ ദൂരെയുള്ള ഫസ്റ്റിയര്‍ ലേഡീസ് ഹോസ്റ്റലിന്റെ മതിലിനു പുറത്തുകൂടി, ബക്കറ്റില്‍ കുറെ മെഴുകുതിരിയും കത്തിച്ചുനിര്‍ത്തി ആട്ടിക്കൊണ്ട്, ദാവീദ് സ്റ്റൈലില്‍ നടന്ന തന്റെ എക്സിബിഷനിസം എന്ന ദൌര്‍ബല്യത്തെക്കുറിച്ചുള്ള ആ പരമരഹസ്യവും പറഞ്ഞിരുന്നു!)
മെസ്ഡ്യൂട്ടി എന്നൊരു ചടങ്ങ് ഫസ്റ്റിയര്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നു. മെസ് ഡ്യൂട്ടിയിലുള്ളവന്‍ മെസ്സിലേയ്ക്കുള്ള മീനും ഇറച്ചിയും വാങ്ങാന്‍ പോകണം. മെസ് ഡ്യൂട്ടി ചെയ്യുമ്പോള്‍ അല്‍പ്പസ്വല്‍പ്പം കാശ് വെട്ടിപ്പുകള്‍ നടത്താന്‍ ഏറ്റവും പറ്റിയ മാര്‍ഗം ഇറച്ചിയോ മീനൊ വാങ്ങുക എന്നതായതിനാല്‍ മലയാളിക്കുട്ടികളും മറ്റും എപ്പോഴും ഇറച്ചി മീന്‍ മെനുവിന് സപ്പോര്‍ട്ടായിരുന്നു. എന്നാല്‍ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള ഒരു പറ്റം വെജിറ്റേറിയന്‍സ് മെനുവില്‍ വെജിറ്റേറിയന്‍സിന് ഒട്ടും പ്രാധാന്യം കൊടുക്കുന്നില്ല എന്നു പറഞ്ഞ് ചെറിയ വഴക്കുകള്‍ തുടങ്ങിയിരുന്നു. മെസ് ഡയറക്ടര്‍ ഞങ്ങളുടെ അടുത്തസുഹൃത്തും, വെട്ടിക്കുന്ന കാശിന് സിഗരറ്റും ജ്യൂസും ഞങ്ങള്‍ക്ക് വാങ്ങിത്തരുന്നവനും, സോളമന്റെ പ്രീ ഡിഗ്രീ ക്ലാസ്മേറ്റുമായിരുന്നതിനാല്‍ ഞങ്ങള്‍ നോണ്‍ വെജ് സൈഡായിരുന്നു! ക്രമേണ വഴക്ക് മലയാളീസ് വെഴ്സസ് നോര്‍ത്ത് ഇന്‍ഡ്യന്‍സ് എന്ന രീതിയിലേയ്ക്ക് മാറി.
അന്നൊരുദിവസം ഡിന്നറിനിടയില്‍ വഴക്ക് മൂര്‍ച്ഛിച്ചു. ഉന്തും തള്ളുമായി. പോരാത്തതിന് അച്ഛന്‍, അമ്മ പെങ്ങള്‍ തുടങ്ങിയവരെയും അവരുടെ അവയവങ്ങളെയും കൂടെ ചേര്‍ത്തുള്ള സംബോധനകള്‍ അന്തരീക്ഷത്തില്‍ പറന്നുകളിച്ചു. പഞ്ചാബിയായ പുരോഹിത് ശര്‍മ്മയ്ക്കിട്ട് ആരോ അടികൊടുത്തു. പുരോഹിതിന്റെ റൂമ്മേറ്റും ഹരിയാനക്കാരനുമായ മനോഹര്‍ കുണ്ടല്‍ സോളമന്റെ സുഹൃത്തിന്റെ വയറ്റില്‍ ചവുട്ടി. ആകെ റ്റെന്‍ഷന്‍, പ്രശ്നങ്ങള്‍! പ്രക്ഷുബ്ദ്ധമായ അന്തരീക്ഷം. ‘യെവന്മാരെ അങ്ങനെ വെറുതെ വിട്ടാല്‍ എങ്ങനാ?’ എന്നും ചോദിച്ച് സോളമന്‍ ആരെയും ചവിട്ടാന്‍ പറ്റാത്തതില്‍ കലിപ്പെളകി അവിടെ നിന്നും നീങ്ങി.
പുരോഹിതും മനോഹറും താമസിക്കുന്ന റൂം രണ്ടാം നിലയിലേയ്ക്കു പോകുന്ന സ്റ്റെയര്‍ കേസിന്റെ അടുത്തായിരുന്നു. അതിനു നേരെ മുകളിലായായിരുന്നു എന്റെ റൂം. ബഹളങ്ങള്‍ ഒരുമാതിരി അടങ്ങിയപ്പോള്‍ ഞങ്ങള്‍ പതിവുപോലെ ചീട്ടെടുത്ത് ഫ്ലാഷ്കളി തുടങ്ങി. ആദ്യമെത്താറുള്ള സോളമന്‍ ഒരു അരമണിക്കൂര്‍ കഴിഞ്ഞ് എത്തി. കളി മുറുകി. അപ്പോഴതാ തഴെ നിന്നു ഹിന്ദിക്കാരന്മാരെല്ലാം കൂടെ ചേര്‍ന്ന് റൂമിനു പുറത്തുനിന്ന് ഭയങ്കരബഹളം, ഡിസ്കഷന്‍, കുശുകുശുക്കലുകള്‍! ‘ഥംക്കി’എന്ന ഒരു വാക്ക് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നുമുണ്ട്. ഞങ്ങള്‍ കളി മതിയാക്കി താഴെച്ചെന്നപ്പോള്‍ ആകെ പ്രശ്നം! മനോഹറിന്റെ കയ്യില്‍ ‘Beware of Keralites!!!!’ എന്നെഴുതിയ ഒരു പേപ്പര്‍ കഷണം. പോരാത്തതിന് അതില്‍ തലയോട്ടിയും എല്ലുകളും കഠാരയും ചോരയുമൊക്കെ വരച്ച് കളര്‍ ചെയ്തിരിക്കുന്നു!
പ്രശ്നം ഗുരുതരം! പഞ്ചാബിക്കുട്ടന്മാര്‍ ഫോണ്‍വിളിക്കുന്നു. എല്ലാ നോര്‍ത്ത് ഇന്‍ഡ്യന്‍സും ഒരുമിച്ച് കൂടിനിന്നു ചര്‍ച്ചചെയ്യുന്നു. മനസ്സിലാക്കിയ ഹിന്ദിയില്‍ നിന്നും അവിടുത്തെ അസിസ്റ്റന്റ് കളകറ്റര്‍ പഞ്ചാബിയാണെന്നും മനോഹറിന്റെ ലോക്കല്‍ ഗാര്‍ഡിയന്‍ അദ്ദേഹമാണെന്നും അറിഞ്ഞു. അസിസ്റ്റന്റ് കളക്റ്ററെ വിവരമറിയിക്കാം എന്നാണ് തീരുമാനം എന്നും കേട്ടു. പടം കണ്ടപ്പോഴേ താമസിച്ചു ചീട്ടുകളിക്കാനെത്തിയ സോളമന്റെ നേരെ ഞാന്‍ നോക്കി. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ! എന്ന മട്ടില്‍ വീണ്ടും കുറേ എയറും കൂടെ വലിച്ചകത്താക്കി അണ്ണന്‍ ഞെളിഞ്ഞു നില്‍ക്കുന്നു. അപ്പോഴാണ് വേറൊരു ഹരിയാനക്കാരന്‍ മൊഴിയുന്നത് തന്റെ കസിന്‍ അവിടെ എ.സി.പി യാണ്. പുള്ളിയെ വിളിച്ചുപറഞ്ഞാല്‍ ഡോഗ് സ്ക്വാഡിനെ അയയ്ക്കും എന്ന്. കടലാസ് മണത്ത് എഴുതിയ ആളെപ്പൊക്കുമായിരിക്കുമത്രെ! ‘എന്നാല്‍ അതാകട്ടെ’ എന്ന് പറഞ്ഞ് അവര്‍ എ.സി.പിയെ കോണ്ടാക്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പുകളായി.
ഡോഗ് സ്ക്വാഡ്, മണം പിടുത്തം എന്നിങ്ങനെ കേട്ടതും സോളമന്‍ പിടിച്ച എയര്‍ മുഴുവനും സൂചിക്കുത്തേറ്റ ബലൂണിന്റേതു പോലെ ചോര്‍ന്നു പോകുന്നത് ഞാനറിഞ്ഞു! കൂനിന്മേല്‍ കുരു എന്നപോലെ അപ്രതീക്ഷിതമായി വേറേതോ നോര്‍ത്ത് ഇന്‍ഡ്യന്‍സിന്റെ ബന്ധുക്കള്‍ ആ സമയത്തു തന്നെ ഒരു കാറില്‍ ഹോസ്റ്റ്ലില്‍ എത്തി. ജയനേപ്പോലെ നെഞ്ചുവിരിച്ചുനിന്ന സോളമന്‍ കൃഷ്ണന്‍കുട്ടിനായരേപ്പോലെ ചുരുങ്ങി! പ്രശ്നം കൂടുതല്‍ വഷളാവുന്നതു കണ്ട് സോളമന്‍ സാവധാനം കൂട്ടത്തില്‍ നിന്നും അപ്രത്യക്ഷനായി!
ഡിസ്കഷനു ശേഷം മനോഹര്‍ എ സി പി യെ വിളിക്കാനായി ഡ്രെസ്സ് മാറാന്‍ റൂമില്‍ പോയി തിരികെ ഓടിയെത്തി. 'We're Sorry! Forgive & Forget!!!' എന്നെഴുതിയ വെള്ളരിപ്രാവിന്റെ പടമുള്ള ഒരു ചിത്രമുള്ള പേപ്പറും കയ്യിലുണ്ട്. ഞാന്‍ സോളമനെ നോക്കി. കക്ഷി ഇതിനിടയില്‍ തിരിച്ചെത്തി ജയന്റെയത്രയും അല്ലെങ്കിലും എയര്‍ പിടിച്ചുതന്നെ നില്‍ക്കുന്നു! പിന്നെയും ഹിന്ദിക്കരുടെ ഡിസ്കഷന്‍, കുശുകുശുക്കലുകള്‍ മറുനാടന്‍ മലയാളികളായ മീഡിയേറ്ററുകളുടെ ഇടപെടല്‍. അങ്ങിനെ അരമണിക്കൂറോളം നീങ്ങി. അവസാനം ഇത് പ്രശ്നമാക്കിയാല്‍ അടുത്ത വര്‍ഷങ്ങളിലെല്ലാം പഞ്ചാബിഗ്രൂപ്പിന്റെ കലാലയജീവിതം സംഘര്‍ഷഭരിതമായിരിക്കുമെന്ന മധ്യസ്ഥരുടെ സൂചന മാനിച്ച് രണ്ടാമത്തെ കുറിപ്പ് അപ്പോളജിയായി സ്വീകരിച്ച് പ്രശ്നം അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറായി. സോളമന്‍ അപ്പോള്‍ കൂടുതല്‍ കൂടുതല്‍ എയര്‍ അകത്താക്കിക്കൊണ്ടിരുന്നു.
കഴിഞ്ഞവര്‍ഷം വരെ സോളമന്‍ ഈ കൃത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലായിരുന്നു. ഇക്കഴിഞ്ഞ ഗെറ്റുഗതറിനിടയിലെ, ഓര്‍മ്മ പുതുക്കല്‍ ഹോസ്റ്റല്‍ വിസിറ്റില്‍ വച്ച് സ്റ്റെയര്‍കേസ്സിന്റെ അടുത്തുള്ള വെന്റ്റിലേറ്ററിലൂടെ അവരുടെ റൂമില്‍ കുറിപ്പുകള്‍ നിക്ഷേപിച്ചരീതി കാണിച്ചുതന്നുകൊണ്ട് സോളമന്‍ ഉത്തരവാദിത്തം ഏറ്റെടുത്തു. തുടങ്ങിവച്ചതു സ്വയമാണെങ്കിലും, പ്രശ്നം വിദഗ്ദ്ധമായി തീര്‍ത്തതിനു പ്രതിഫലമായി ഞങ്ങളിലൊരുത്തന്‍ ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടുവന്ന Glenkinchie (Lowland Single Malt Whiskey) യുടെ ഒരു ബോട്ടില്‍ അവന് സമ്മാനിച്ചു!
ഏതായാലും കൊച്ചരിപ്രാവ് കാരണം, ജീവിതത്തിലെ ഏറ്റവും നല്ല കുറെ വര്‍ഷങ്ങള്‍ സമ്മാനിച്ച ആ കോളേജ് ജീവിതത്തില്‍, പ്രശ്നങ്ങളുണ്ടാക്കിയേക്കാമായിരുന്ന ഒരു സംഭവം പിന്നീട് പറഞ്ഞു ചിരിക്കാനുള്ള വകയായി മാറി!